ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിൽ എത്തുന്നത്. ബംഗാളിലെയും അസമിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ നിർണായക ഘട്ടമാണ് രണ്ടാം ഘട്ടം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടമാണിതിൽ ഏറ്റവും പ്രധാനം. ബംഗാളില്‍ 3 ജില്ലകളില്‍ നിന്നായി 171 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
ടി.എം.സി വിട്ട് എത്തിയ സുവേന്ദു അധികാരിയെ വെച്ച് നന്ദിഗ്രാം പിടിക്കാനാണ് ബി.ജെ.പി നീക്കം. എന്നാൽ ബംഗാളിനെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ നന്ദിഗ്രാമില്‍ നിന്നും സംസ്ഥാനത്ത് നിന്നും നീക്കണമെന്നാണ് മമത ബാനർജിയുടെ ആഹ്വാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.എം.സിക്ക് നന്ദിഗ്രാമിൽ 67% ഉം ബി.ജെ.പിക്ക് 6 ശതമാനവുമാണ് വോട്ട് വിഹിതം ലഭിച്ചത്. എന്നാൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ടിഎംസി യുടെ വോട്ട് വിഹിതം കുറയുകയും ബി ജെ പി ക്ക് കൂടുകയുംചെയ്തു. അത് ബിജെപി പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നന്ദിഗ്രാമിൽ നൽകുന്നത്.
അഭിനേതാക്കളായ സോഹം ചക്രബർത്തി, സയന്തിക ബാനർജി, ഹിരണ്‍മയ് ചത്തോബാധ്യായ തുടങിയവരും രണ്ടാം ഘട്ടത്തില്‍ മത്സരത്തിൽ ബംഗാളിൽ രംഗത്തുണ്ട്. അസമില്‍ 13 ജില്ലകളില്‍ നിന്നായി 345 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ അമിനുല്‍ ഹഖ് ലസ്കർ, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള്‍ ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. സി.എ.എക്ക് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ രോഷം പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ഒരുക്കിയിട്ടുള്ളത്.