കൊൽക്കത്ത : സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവുമായി തൃണമൂൽ കോണ്‍ഗ്രസ്. നിലവിലെ ബിസിസിഐ പ്രസിഡന്‍റായ സൗരവ് ഗാംഗുലിക്ക് രണ്ടാം ടേം നിഷേധിച്ചതിന് പിന്നിൽ ബിജെപിയാണെന്നും താരം പാര്‍ട്ടിയില്‍ ചേരാൻ വിസമ്മതിച്ചതാണ് പുറത്താകലിന് കാരണമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ഡോ ശാന്തനു സെൻ ആരോപിച്ചു.
'ഏതാനും മാസങ്ങൾക്ക് മുമ്പ് അമിത് ഷാ സൗരവ് ഗാംഗുലിയുടെ വീട്ടിലെത്തിയിരുന്നു. ബിജെപിയിൽ ചേരുന്നതിനായി ഗാംഗുലിയെ അദ്ദേഹം നിരന്തരം സമ്മര്‍ദം ചെലുത്തിയതായി വിവരമുണ്ട്. പാര്‍ട്ടിയില്‍ ചേരാൻ വിസമ്മതിച്ചതിനാലും ബംഗാളിൽ നിന്നുള്ളതിനാലും ഗാംഗുലി രാഷ്ട്രീയ പകപോക്കലിന്‍റെ ഇരയായി മാറിയിരിക്കാം. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്തിയപ്പോൾ ഗാംഗുലിയെ പുറത്താക്കി' - ഡോ എസ് സെൻ പറഞ്ഞു.
അതേസമയം സൗരവ് ഗാംഗുലിക്കുപകരം റോജർ ബിന്നി ബിസിസിഐ അധ്യക്ഷനാകുമെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്‌ച റോജർ ബിന്നി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എതിർ സ്ഥാനാര്‍ഥി ഇല്ലാത്തതിനാൽ റോജർ ബിന്നി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഒക്ടോബർ 18ന് മുംബൈയിൽവച്ചാണ് ബിസിസിഐയുടെ വാർഷിക യോഗം. ജയ് ഷാ തന്നെ വീണ്ടും ബിസിസിഐ സെക്രട്ടറിയാകും.
അതേസമയം ബിസിസിഐ അധ്യക്ഷ സ്ഥാനത്തിന് പകരം ഐപിഎല്‍ ചെയർമാന്‍ സ്ഥാനം വാഗ്‌ദാനം ചെയ്യപ്പെട്ടുവെങ്കിലും ഗാംഗുലി നിരസിച്ചതായാണ് റിപ്പോർട്ട്. ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങളും ശക്‌തമാണ്. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ താരത്തെ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്.