അമരാവതി: ആന്ധ്രാപ്രദേശിന്‍റെ തെക്കൻ തീരദേശ മേഖലകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപ്രതീക്ഷിത മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റാബി വിളകളുടെ വിളവെടുപ്പ് അടുത്തതിനാൽ കർഷകർ കടുത്ത ആശങ്കയിലാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ അക്വാകൾച്ചർ കർഷകരെയും സാരമായി ബാധിക്കും.
തെക്കൻ സംസ്ഥാനങ്ങളിൽ നിന്നും ശൈത്യകാലം പിൻവാങ്ങി തുടങ്ങിയതോടെ പകൽ താപനില ഉയരുകയാണ്. തിങ്കളാഴ്ച ആന്ധ്രയിൽ പകൽ താപനില 30 ഡിഗ്രി സെൽഷ്യൽസ് വരെ ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില(34.5 ഡിഗ്രി സെൽഷ്യസ്) കർനൂൾ ടൗണിലാണ് രേഖപ്പെടുത്തിയത്.