ജയ്‌പൂർ : ഉദയ്‌പൂർ കൊലപാതക കേസിലെ പ്രധാന പ്രതികളിലൊരാള്‍ക്ക് പാകിസ്ഥാനിലെ ഇസ്ലാമിക സംഘടനയുമായി ബന്ധമുണ്ടെന്ന് പൊലീസ്. കറാച്ചി ആസ്ഥാനമായ സംഘടനയുമായി ഇയാള്‍ ബന്ധം പുലർത്തിയിരുന്നതായാണ് പൊലീസ് നിഗമനം. അതേസമയം കേസിൽ മൂന്ന് പേരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രധാന പ്രതികളായ റിയാസ് അക്തരി, ഘൗസ് മുഹമ്മദ് എന്നിവരിൽ ഒരാള്‍ക്ക് കറാച്ചി ആസ്ഥാനമായ ദവാത്ത്-ഇ-ഇസ്‌ലാമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 2014 ൽ ഇയാള്‍ കറാച്ചി സന്ദർശിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും രാജസ്ഥാൻ ഡിജിപി എംഎൽ ലാതർ അറിയിച്ചു.
ഉദയ്‌പൂർ ലേക്ക് സിറ്റിയിലെ തയ്യൽക്കാരൻ കനയ്യ ലാലിനെ കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നത്. തുണി തയ്‌ക്കാനെന്ന വ്യാജേന കടയിലേക്ക് എത്തിയ ശേഷമായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതികള്‍ ഭീഷണി മുഴക്കി.
സംഭവത്തിന് ശേഷം കൊലപാതകത്തിന്‍റെ ദൃശ്യങ്ങളും പ്രതികള്‍ പുറത്തുവിട്ടിരുന്നു. നൂപുർ ശർമയുടെ പ്രവാചക നിന്ദ പരാമർശത്തെ കനയ്യ ലാൽ പിന്തുണച്ചതാണ് കൊലപാതക കാരണമെന്നാണ് സംശയം. പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ രാജ്‌സമന്ദ് ജില്ലയിൽനിന്ന് അക്രമികൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായി എൻഐഎയും അന്വേഷണം നടത്തുന്നുണ്ട്. സംഘടനകളുടെയും അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ അതീവ ജാഗ്രത തുടരുകയാണ്. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.