ഹൈദരാബാദ്: ഹൈദരാബാദില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വിറ്റതിന് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓക്സിജന്‍ സിലിണ്ടറുകള്‍ അനധികൃതമായി വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച രാത്രി പൊലീസ് സംഘം മൽക്കാജ്ഗിരി സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന ആരംഭിച്ചത്. അതിനിടെയാണ് ഒരു വാനില്‍ അഞ്ച് ഓക്സിജൻ സിലിണ്ടറുകള്‍ കടത്താന്‍ ശ്രമിച്ച 3 പേരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വാനില്‍ നിന്ന് 150 ലിറ്റർ ഓക്സിജൻ പിടിച്ചെടുത്തു. ഡ്രൈവര്‍ക്കും, വാനിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: ഓക്സിജൻ ക്ഷാമം : 20 ക്രയോജനിക് ടാങ്കറുകൾ കൂടി ഇറക്കുമതി ചെയ്തു
അറസ്റ്റിലായവരിൽ ഒരാൾ സൗജന്യ ഓക്സിജൻ സിലിണ്ടറുകൾ, മെഡിക്കൽ സേവനങ്ങൾ, കൊവിഡ് രോഗികൾക്ക് ആവശ്യമുള്ള ആംബുലൻസ് എന്നിവ വിതരണം നടത്തുന്ന എൻജിഒ നടത്തുന്നയാളാണ്. ഇയാള്‍ ഓരോ ഓക്സിജൻ സിലിണ്ടറും 16,000 രൂപയ്ക്ക് വാങ്ങി 25,000 രൂപയ്ക്ക് മറിച്ച് വില്‍ക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഓക്‌സിജൻ സിലിണ്ടറുകൾ അനധികൃതമായി പൂഴ്ത്തിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.