ചെന്നൈ: ചെന്നൈയില്‍ ചികിത്സ ലഭിക്കാതെ ആംബുലൻസില്‍ കിടന്ന ഏഴ് കൊവിഡ് രോഗികൾ മരിച്ചു. ഇന്നലെ നാല് പേരും ഇന്ന് മൂന്ന് പേരുമാണ് മരിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലാണ് സംഭവം. ശ്വാസ തടസം നേരിട്ട രോഗികളാണ് മരിച്ച ഏഴുപേരും. കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ രാജീവ് ഗാന്ധി ആശുപത്രിയിൽ രോഗികൾ ആംബുലൻസിൽ കാത്ത് കിടക്കുകയാണ്. ഇങ്ങനെ ആംബുലൻസിൽ കാത്തിരുന്നവരാണ് മരിച്ചത്.
Also Read:12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കൊവിഡ് കേസുകൾ
ചെന്നൈയിലെ സ്വകാര്യ ആശുപത്രികളൊന്നും ശ്വാസതടസം നേരിടുന്ന കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. നിലവിൽ ശ്വാസതടസം നേരിടുന്ന ചെന്നൈ, ചെങ്കൽപ്പേട്ട്, തിരുവള്ളൂർ ജില്ലകളിൽ നിന്നുള്ള രോഗികളെയെല്ലാം രാജീസ് ഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുവരുന്നത്. ആകെ 845 കിടക്കകളാണ് ആശുപത്രിയിൽ ഉള്ളത്. ഈ കിടക്കകളെല്ലാം നിറഞ്ഞിരിക്കുകയാണ്. രോഗികൾ ആംബുലൻസിൽ കാത്ത് കിടക്കുന്നതുമൂലം പുതുതായി രോഗികളെയും കൊണ്ട് എത്തുന്ന ആംബുലൻസുകൾക്ക് പ്രവേശിക്കാനാവാത്ത സാഹചര്യമാണ് നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിലെന്ന് തമിഴ്‌നാട് പൊതു ക്ഷേമകാര്യ മന്ത്രി എംഎ സുബ്രമണ്യം അറിയിച്ചു.