ചണ്ഡീഗഡ്: ഖലിസ്ഥാൻ അനുഭാവി അമൃത് പാൽ സിങ്ങിനായുള്ള പഞ്ചാബ് പൊലിസിന്‍റെ അന്വേഷണം മൂന്നാം ദിവസത്തിൽ. പഞ്ചാബ് പൊലിസ് വാരിസ് പഞ്ചാബ് ദേ മേധാവി അമൃത് പാൽ സിംഗിനെ പിടികൂടിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വാരിസ് പഞ്ചാബ് ദേയുടെ നിയമോപദേഷ്ടാവ് ഇമാൻ സിംഗ് ഖാര, അമൃത് പാലിനായി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചു. എന്നാൽ, തൽക്കാലം വാറണ്ട് ഉദ്യോഗസ്ഥനെ നിയമിക്കാൻ വിസമ്മതിച്ച കോടതി, പഞ്ചാബ് സർക്കാരിന് നോട്ടീസ് നൽകുകയും വിഷയം മാർച്ച് 21ന് പരിഗണിക്കുകയും ചെയ്യും.
ഇമാൻ സിങ് ഖാര ഹർജി ജസ്റ്റിസ് ഷെഖാവത്തിന്‍റെ വീട്ടിൽ എത്തി സമർപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് പഞ്ചാബ് പൊലിസ് എ ജി വിനോദ് ഘായിയും ജഡ്‌ജി ഷെഖാവത്തിന്‍റെ വീട്ടിൽ ഹാജരായി. ഒടുവിലാണ് മാർച്ച് 21ന് ഹൈക്കോടതിയിൽ വാദം കേൾക്കാനായി തീരുമാനമായത്. അതേ സമയം അമൃത്പാൽ സിങ്ങിന്‍റെ പിതാവ് തർസെം സിംഗ് തന്‍റെ മകനെ ശനിയാഴ്ച തന്നെ പൊലിസ് അറസ്റ്റ് ചെയ്തുവെന്ന വാദവുമായി രംഗത്തെത്തി. തങ്ങളുടെ നേതാവ് പൊലിസ് കസ്റ്റഡിയിലാണെന്ന് വാരിസ് പഞ്ചാബ് ദേ അനുയായികൾ പറയുന്നുണ്ടെന്ന് അമൃത്പാലിന്‍റെ പിതാവ് തർസെം സിങ് ഇടിവി ഭാരതിനോട് പറഞ്ഞു. മുൻ കൂട്ടി ആസൂത്രണം ചെയ്‌ത പദ്ധതി പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും പഞ്ചാബ് പോലീസും സംസ്ഥാന സർക്കാരും അമൃത്പാലിനെ ആയുധ കേസിൽ കുടുക്കാൻ തന്ത്രം മെനയുകയാണെന്നും തർസെം സിങ് ആരോപിച്ചു. തന്‍റെ മകന് എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകുമോ എന്ന ഭയവും ടാർസെം സിങ് പങ്ക് വച്ചു.
അതി നാടകീയം; സിനിമയെ വെല്ലും ക്ളൈമാക്‌സ്: അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ ഖലിസ്ഥാൻ അനുകൂല മതപ്രഭാഷകൻ അമൃത് പാൽ സിംഗിനെ പിടികൂടാൻ കഴിഞ്ഞ ശനിയാഴ്ച നൂറിലധികം വാഹനങ്ങളിലായാണ് പഞ്ചാബ് പോലീസും അർധ സൈനിക സേനയും പിന്തുടർന്നത്. കുറച്ച് സമയത്തിന് ശേഷം, അമൃത്പാൽ രക്ഷപ്പെട്ടുവെന്നും പിടിക്കാനായി ഊർജിത തിരച്ചിൽ ആരംഭിച്ചതായും പഞ്ചാബ് പൊലിസ് അറിയിക്കുകയായിരുന്നു. ആറിലധികം കൂട്ടാളികളുമായി ഗയിലേക്ക് പോകുകയായിരുന്ന അമൃത്പാൽ സിങ് രക്ഷപെട്ടു എന്നും, കൂട്ടാളികൾ പിടിക്കപ്പെട്ടു എന്നുമായിരുന്നു പൊലിസിന്‍റെ വിശദീകരണം.
ആദ്യ ഘട്ടത്തിൽ അമൃത്പാൽ സിങ് അറസ്റ്റിലായതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, അമൃത് പാൽ കാറിൽ ലിങ്ക് ജലന്ധർ റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. പൊലിസിന്‍റെ നൂറോളം വാഹനങ്ങൾ ഇയാളെ പിന്തുടരാൻ വിന്യസിച്ചെങ്കിലും അമൃത്പാൽ സിംഗിനെ കണ്ടെത്താനായില്ല. തുടർന്ന് പഞ്ചാബ് പൊലിസ് അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആരാണ് വിവാദ നായകൻ അമൃത് പാൽ സിങ്: കൊല്ലപ്പെട്ട ഖലിസ്ഥാൻവാദി ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായി ആണ് അമൃത് പാൽ സിംഗ്. പഞ്ചാബിലെ അമൃത്‌സറിലെ ജല്ലുപൂർ ഗ്രാമത്തിൽ നിന്നുള്ള 30 കാരൻ ഗൾഫിലായിരുന്നു. വളരെ കുറച്ച് നാളുകൾ കൊണ്ടാണ് അമൃത് പാൽ ഇത്തരമൊരു പരിവേഷത്തിൽ എത്തിയത്.
പഞ്ചാബിൽ 'ഭിന്ദ്രൻവാല രണ്ടാമൻ' എന്നറിയപ്പെടുന്ന ഇയാൾ ഖലിസ്ഥാൻ ഭീകരവാദി ഭിന്ദ്രൻവാലയെയാണ് അനുകരിക്കാൻ ശ്രമിക്കുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഭിന്ദ്രന്‍വാലയുടെ സ്വതന്ത്ര പഞ്ചാബ് വാദമാണ് അമൃത് പാലും മുന്നോട്ട് വയ്‌ക്കുന്നത്. ദീപ് സിദ്ധുവിന്‍റെ മരണത്തെ തുടർന്ന് തീവ്ര പഞ്ചാബി ദേശീയ സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവായി മാറിയ അമൃത് പാൽ ഖലിസ്ഥാൻ രൂപീകരിക്കണമെന്ന ആവശ്യം നിരന്തരം ഉയർത്തുകയും യുവാക്കൾക്കിടയിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. തട്ടിക്കൊണ്ടുപോകൽ, കലാപ ആഹ്വാനം തുടങ്ങി നിരവധി കേസുകളിലെ പ്രതി കൂടിയാണ് ഇയാൾ.