ബെംഗളൂരു : മോഷണങ്ങള്‍ക്ക് സമാനരീതികള്‍ അവലംബിക്കുന്ന മോഷ്‌ടാക്കള്‍ ഏറെയുണ്ട്. ചില വസ്‌തുക്കള്‍ മാത്രം മോഷ്‌ടിക്കുന്ന കള്ളന്മാരുമുണ്ട്. ഇത്തരത്തില്‍ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മാത്രം തിരഞ്ഞുപിടിച്ച് മോഷ്‌ടിക്കാറുള്ള പ്രതികളാണ് കഴിഞ്ഞദിവസം ബെംഗളൂരുവില്‍ പിടിയിലായത്. ഇവരില്‍ നിന്നും 75 ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പെയിങ് ഗെസ്‌റ്റുകളായും ഹോസ്‌റ്റലില്‍ മുറിയെടുത്തും താമസിക്കുന്ന യുവാക്കളുടെ മുറികളില്‍ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്‌ടിച്ചുവന്നിരുന്ന ശ്രീനാഥും ഇയാളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് മോഷണ മുതലുകള്‍ വാങ്ങിയിരുന്ന സെൽവൻ, മഞ്‌ജു എന്നിവരുമാണ് സദാശിവനഗർ പൊലീസിന്‍റെ പിടിയിലായത്.
പിടിവീഴുന്നത് ഇങ്ങനെ : പ്രതിയായ ശ്രീനാഥ് നഗരത്തിന്‍റെ വിവിധ ഭാഗത്തുള്ള പിജികളില്‍ നിന്നും യുവാക്കള്‍ താമസിക്കുന്ന മുറികളില്‍ നിന്നും മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും മോഷ്‌ടിക്കുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ മോഷണം കഴിഞ്ഞശേഷം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുന്നതായിരുന്നു ഇയാളുടെ രീതി. തുടര്‍ന്ന് സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങാറുള്ള സെല്‍വനെയും മഞ്‌ജുവിനെയും സമീപിച്ച് ഈ ഉപകരണങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് വില്‍പന നടത്തും.
ഇതിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച സദാശിവനഗർ പൊലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 133 ലാപ്‌ടോപ്പുകളും 19 മൊബൈല്‍ഫോണുകളും നാല് ടാബ്‌ലെറ്റുകളും പൊലീസ് പിടികൂടി. അതേസമയം സ്ഥിരം കുറ്റവാളിയായ ശ്രീനാഥ് 2019 ല്‍ ആർഎംസി യാർഡ് പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ലാപ്‌ടോപ് മോഷണക്കേസിലും ഉള്‍പ്പെട്ടിരുന്നു.