ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ ജൂലൈ മുതൽ പതിവ് യോഗങ്ങൾ പുനഃരാരംഭിക്കും. കൊവിഡിന്‍റെ രണ്ടാം തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്മിറ്റികൾ യോഗങ്ങൾ റദ്ദാക്കിയിരുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ പാർലമെന്‍റ് അംഗങ്ങളിൽ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചിരിക്കുന്നതിനാലും രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിനാലും ജൂലൈ മുതൽ യോഗങ്ങൾ പുനരാരംഭിക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം ലോക്‌സഭയും രാജ്യസഭയും ഉൾപ്പെടെ പാർലമെന്‍ററി യോഗങ്ങൾ വെർച്വലായി നടത്തണമെന്ന് കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്മിറ്റികളുടെ നടപടികൾ ചോർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ വെർച്വൽ മീറ്റിങുകൾ നടത്താനുള്ള നിർദേശം ഇരുസഭകളും നിരസിച്ചു. ഈ വിഷയം അംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Also Read: രണ്ട് മാസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് ഒരു ലക്ഷത്തിൽ താഴെ