മുംബൈ : 'ദി കേരള സ്റ്റോറി' സിനിമയുടെ അണിയറ പ്രവർത്തകന് അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചുവെന്ന് മുംബൈ പൊലീസ്. സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ ആണ് വിഷയം പൊലീസിൽ അറിയിച്ചത്. സിനിമയുടെ ക്രൂ അംഗങ്ങളിൽ ഒരാൾക്കാണ് അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്.
വീട്ടിൽ നിന്ന് ഒറ്റയ്‌ക്ക് പുറത്തിറങ്ങരുത് എന്ന തരത്തിൽ ഭീഷണി മുഴക്കിയായിരുന്നു സന്ദേശം. ക്രൂ അംഗത്തിന് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ല. 'ദി കേരള സ്റ്റോറി' എന്ന സിനിമയ്‌ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പല ഭാഗത്ത് നിന്നും ലഭിക്കുന്നത്.
പ്രദർശനത്തിന് ബംഗാളിൽ വിലക്ക് : പശ്ചിമ ബംഗാളിൽ ഇന്നലെ സിനിമ പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വാസ്‌തവം വളച്ചൊടിച്ച് ഒരു സമുദായക്കാരെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമ പ്രദർശനം വിലക്കിയത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനുമാണ് ചിത്രം നിരോധിക്കാൻ തീരുമാനിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുന്നു. നിരോധനത്തോട് പ്രതികരിച്ച് ചിത്രത്തിന്‍റെ നിർമാതാവ് രംഗത്തെത്തി. ഈ തീരുമാനത്തിനെതിരെ നിയമപരമായ വഴികൾ തേടുമെന്നാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞത്.
More read: 'വസ്‌തുതകൾ വളച്ചൊടിച്ച് ഒരു സമുദായത്തെ അപമാനിക്കാൻ ശ്രമം' ; ബംഗാളിൽ 'ദി കേരള സ്റ്റോറി'ക്ക് വിലക്ക്
തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സുകളിലും ചിത്രം ഞായറാഴ്‌ച മുതൽ പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു. ചിത്രം ക്രമസമാധാന പ്രശ്‌നങ്ങൾ ഉയർത്തുന്നുവെന്നും സിനിമയ്‌ക്ക് മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദർശനം റദ്ദാക്കിയത്. മധ്യപ്രദേശ് സർക്കാർ സംസ്ഥാനത്ത് 'ദി കേരള സ്റ്റോറി'ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ചിത്രത്തിന് സംസ്ഥാനത്ത് നികുതി ഇളവ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
അതേസമയം, 'ദി കേരള സ്റ്റോറി'യെ എതിർക്കുന്നവർ ആമിർ ഖാന്‍ നായകനായ ലാൽ സിങ് ഛദ്ദ എന്ന ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞവരെപ്പോലെ തന്നെ തെറ്റുകാരാണെന്നായിരുന്നു ചലച്ചിത്ര ഇതിഹാസം ഷബാന ആസ്‌മിയുടെ പ്രതികരണം. ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണെന്നും മറ്റാർക്കും ആ കാര്യത്തിൽ ഇടപെടാൻ അവകാശമില്ലെന്നും ഷബാന പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരം വിഷയത്തിൽ പ്രതികരണവുമായി എത്തിയത്.
2022 നവംബറിൽ റിലീസ് തിയതി പ്രഖ്യാപിച്ചത് മുതൽ 'ദി കേരള സ്റ്റോറി' എന്നസിനിമ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്‌ത് വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച ചിത്രത്തിൽ ആദ ശർമ്മയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.