മുംബൈ: 'ദി കേരള സ്റ്റോറി' സിനിമയുടെ അണിയറ പ്രവര്‍ത്തകന് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. അജ്ഞാത ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത് എന്ന് മുംബൈ പൊലീസ് പറഞ്ഞു. 'ദി കേരള സ്റ്റോറി' സംവിധായകന്‍ സുദീപ്‌തോ സെന്‍ ആണ് ഭീഷണിയെ കുറിച്ച് പൊലീസില്‍ അറിയിച്ചത്.
സിനിമയിലൂടെ ഒരു നല്ലകാര്യവും കാണിച്ചിട്ടില്ലെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സന്ദേശം ലഭിച്ച വ്യക്തിക്ക് മുംബൈ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.
വാസ്‌തവ വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ദി കേരള സ്റ്റോറി നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിത്രം വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനിടെ സമാധാനം നിലനിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാര്‍ ദി കേരള സ്റ്റോറി നിരോധിച്ചു. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താനുമാണ് നിരോധനം എന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
ചിത്രം പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയേറ്ററുകളില്‍ നിന്നും നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മമത ബാനര്‍ജിയുടെ നടപടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 'ആർഎസ്‌എസ് കുപ്രപ്രചരണം' എന്ന് വിശേഷിപ്പിച്ച ചിത്രം കടുത്ത എതിർപ്പാണ് ഏറ്റുവാങ്ങുന്നത്.
വിവാഹത്തിലൂടെ ഇസ്‌ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസ് ക്യാമ്പുകളിലേക്ക് കടത്തപ്പെടുന്ന മൂന്ന് സ്ത്രീകളുടെ കഥയാണ് 'ദി കേരള സ്റ്റോറി' പറയുന്നത്. നരേന്ദ്ര മോദി തന്‍റെ പ്രചാരണത്തിൽ പരാമർശിച്ചതു മുതൽ ചിത്രം വലിയ രീതിയില്‍ വിവാദമാകുകയായിരുന്നു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചിത്രം നികുതിരഹിതമാക്കിയിട്ടുണ്ട്.
ആദ ശർമ, യോഗിത ബിഹാനി, സിദ്ധി ഇദ്‌നാനി, സോണിയ ബാലാനി എന്നിവരാണ് 'ദി കേരള സ്റ്റോറി'യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 5 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‌തു.