ഹൈദരാബാദ്: നഗരത്തിലെ ഫ്ലക്‌സുകളുടെ പേരിൽ പോരടിച്ച് പാർട്ടി നേതാക്കള്‍. തങ്ങള്‍ സ്ഥാപിക്കുന്ന ഫ്ലക്‌സുകള്‍ എല്ലാം നശിപ്പിക്കപ്പെടുന്നതായാണ് നേതാക്കളുടെ പ്രധാന ആക്ഷേപം. ടി.ആർ.എസ്, ബി.ജെ.പി, കോണ്‍ഗ്രസ് പാർട്ടികളാണ് തർക്കവുമായി മുൻപന്തിയിലുള്ളത്.
ഹൈദരാബാദ് നഗരത്തിൽ ഏറ്റവുമധികം കാണുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഫ്ലക്‌സുകളാണ്. ഒരു വശത്ത് ടി.ആർ.എസ്, കോണ്‍ഗ്രസ് ഫ്ലക്‌സുകളാണെങ്കിൽ മറുവശത്ത് നിറയുന്നത് ബിജെപിയുടെ ഫ്ലക്‌സുകളാണ്.
പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ സന്ദർശനവും, ബി.ജെ.പി ദേശീയ വർക്കിങ് ഗ്രൂപ്പ് യോഗങ്ങളും നടക്കുന്നതിനാൽ ഫ്ലക്‌സുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇതോടെയാണ് പാർട്ടികള്‍ തമ്മിൽ തർക്കവും രൂക്ഷമായത്. സ്ഥാപിക്കുന്ന ഫ്ലക്‌സുകള്‍ എല്ലാം നശിപ്പിക്കപ്പെടുന്നതായാണ് എല്ലാവരുടെയും പ്രധാന പരാതി.
ബി.ജെ.പിക്കെതിരെ ടി.ആർ.എസ്: യശ്വന്ത് സിൻഹയെ പിന്തുണച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്‌സുകള്‍ ബി.ജെ.പി പ്രവർത്തകർ വലിച്ച് കീറുന്നതായാണ് ടി.ആർ.എസിന്‍റെ പരാതി. ഇത് സംബന്ധിച്ച് ചീഫ് വിപ്പ് ബൽക്ക സുമൻ സൈബരാബാദ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. കീറിയ ഫ്ലക്‌സുകളുടെ ചിത്രങ്ങളും ചീഫ് വിപ്പ് ഡി.സി.പി.ക്ക് കൈമാറി.
നെക്ലേസ് റോഡിൽ കോൺഗ്രസ് സമരം: ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് ചുറ്റും ബി.ജെ.പിയുടെയും ടി.ആർ.എസിന്‍റെയും പതാകകൾ സ്ഥാപിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. സംഭവത്തിൽ വെള്ളിയാഴ്‌ച വൈകിട്ട് യുവജന കോൺഗ്രസ് പ്രവർത്തകർ നെക്ലേസ് റോഡിൽ ഒത്തുകൂടി പ്രതിഷേധിച്ചു. തുടര്‍ന്ന് യൂത്ത് കോൺഗ്രസ് നേതാവ് അനിൽകുമാർ യാദവിന്‍റെ നേതൃത്വത്തിൽ പതാകകൾ നീക്കം ചെയ്‌തു
ഫ്ലക്‌സുകൾക്കുള്ള പിഴ പിൻവലിച്ച് ജി.എച്ച്.എം.സി: അനുമതിയില്ലാതെ സ്ഥാപിക്കുന്ന ഫ്ലക്‌സുകള്‍ക്ക് പിഴ ചുമത്തുന്ന നടപടി ജി.എച്ച്.എം.എസി (ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ) അവസാനിപ്പിച്ചു. അനുമതിയില്ലാതെ ഫ്ലക്‌സ് സ്ഥാപിച്ചതിന് ബി.ജെ.പിക്ക് രണ്ട് ലക്ഷം രൂപയും ടി.ആർ.എസിന് ഒരു ലക്ഷം രൂപയും ജി.എച്ച്.എം.എസി പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
മോദിക്കെതിരെ 'മണി ഹീസ്റ്റ്' പ്രതിഷേധം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിയുള്ള പ്ലെക്കാർഡ് പ്രതിഷേധങ്ങളാണ് നഗരത്തിലെ മറ്റൊരു കാഴ്‌ച. ബി.ജെ.പിയുടെ ദേശീയ വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ ഹൈദരാബാദിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. നെറ്റ്ഫ്ലിക്‌സിൽ സ്ട്രീം ചെയ്‌ത മണി ഹീസ്റ്റ് വെബ് സീരീസിലെ വസ്‌ത്രം ധരിച്ചാണ് പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തിയത്. 'ഞങ്ങൾ ബാങ്കുകളെ കൊള്ളയടിക്കുന്നു. നിങ്ങൾ രാജ്യത്തെ കൊള്ളയടിക്കുന്നു.' എന്നതാണ് പ്ലെക്കാർഡുകളിലെ പ്രധാന ആക്ഷേപം.