ഹൈദരാബാദ്: മാധ്യമ പ്രവർത്തകരെ മുൻനിര തൊഴിലാളികളുടെ ഗണത്തിൽപ്പെടുത്തി വാക്‌സിനേഷൻ നൽകാനൊരുങ്ങി തെലങ്കാന സർക്കാർ. മെയ് 28 മുതൽ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ടവർക്കൊപ്പം മാധ്യമപ്രവർത്തകർക്ക് വാക്സിനേഷൻ നൽകും. 20000ഓളം മാധ്യമപ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് വഴി ക്രമീകരിക്കും.
മൂന്ന് ദിവസത്തെ സ്പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവിൽ ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്ന് ലക്ഷം ടാക്സി, ഓട്ടോ ഡ്രൈവർമാർ, മൂന്ന് ലക്ഷം പച്ചക്കറി, മാംസം, പുഷ്പ വിപണി, കിരാന, സലൂൺ ഷോപ്പ് തൊഴിലാളികൾ, സിവിൽ സപ്ലൈകളിൽ ജോലിചെയ്യുന്ന 80000 പേർ, രാസവള, കീടനാശിനി കടകളിൽ ജോലി ചെയ്യുന്ന 30000 പേർ എന്ന കണക്കിൽ 7.87 ലക്ഷം പേർക്ക് വാക്‌സിനേഷൻ നൽകും.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ജനങ്ങളുടെ തൊഴിലിന്‍റെ അടിസ്ഥാനത്തിൽ സൂപ്പർ സ്പ്രെഡറുകളെ കണ്ടെത്തി പട്ടികപ്പെടുത്തിയിരുന്നു. എൽപിജി ഡെലിവറി സ്റ്റാഫ്, ഫെയർ പ്രൈസ് ഷോപ്പ് ഡീലർമാർ, പെട്രോൾ പമ്പ് തൊഴിലാളികൾ, ഓട്ടോ, ടാക്സി ഡ്രൈവർമാർ, റൈതു മാർക്കറ്റുകളിൽ പണിയെടുക്കുന്നവർ, പഴം, പച്ചക്കറി, പുഷ്പ വിപണികളിലുള്ളവർ, കിരാന ഷോപ്പുകൾ, മദ്യവിൽപ്പന ശാലകൾ, മത്സ്യ-മാംസ വിപണികളിലെ തൊഴിലാളികൾ എന്നിവർ സൂപ്പർ സ്പ്രെഡറുകളുടെ വിഭാഗത്തിൽപെടുന്നവരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കേരളത്തിലെത്തി
സംസ്ഥാന സർക്കാർ 6.18 ലക്ഷം ഡോസ് കൊവീഷീൽഡും 2.5 ലക്ഷം ഡോസ് കൊവാക്സിനും സംഭരിക്കുന്നതായി പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ജി. ശ്രീനിവാസ റാവു അറിയിച്ചു. ജൂൺ ആദ്യ വാരത്തിൽ 3.35 ലക്ഷം ഡോസ് കൊവീഷീൽഡും 2.5 ലക്ഷം ഡോസ് കൊവാക്സിനും കൂടി സംസ്ഥാനത്തിന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും 56 ലക്ഷത്തിലധികം ആളുകൾക്ക് സംസ്ഥാനത്ത് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും മൂന്ന് ലക്ഷം പേർക്ക് മെയ് അവസാനത്തോടെ രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൊവിഡിന്‍റെ ഉറവിടം തേടി യുഎസ്; റിപ്പോര്‍ട്ട് 90 ദിവസത്തിനകം
ബ്ലാക്ക് ഫംഗസ് കേസുകൾ കണക്കിലെടുത്ത് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ഔട്ട്പേഷ്യന്‍റ് സേവനം ആരംഭിച്ചു. ഹൈദരാബാദിലെ ഇഎൻടി ആശുപത്രിയിൽ 240 ലധികം ബ്ലാക്ക് ഫംഗസ് കേസുകൾ ഉണ്ടെന്നും ആശുപത്രിയിൽ എല്ലാ ദിവസവും 20ഓളം ശസ്ത്രക്രിയകൾ ചെയ്യുന്നുണ്ടെന്നും ശസ്ത്രക്രിയകളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെയുള്ള 1,500 ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ കൊവിഡ് ഒപി സേവനങ്ങൾ നൽകുന്നുണ്ടെന്നും പനി ബാധിച്ചവരെ കണ്ടെത്താനുള്ള വീടുകൾ തോറുമുള്ള സർവ്വെയ്ക്കിടെ 2.7 ലക്ഷം പേർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതായും അവർക്ക് മരുന്ന് കിറ്റുകൾ വിതരണം ചെയ്തതായും റാവു പറഞ്ഞു.