ഹൈദരാബാദ്: കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി പ്രീ-റെഡിനസ് ടെസ്റ്റ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിനായി തെലങ്കാനയും ഹരിയാനയുമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളെ തെരഞ്ഞെടുത്തു. മൂന്നാമതായി ഉത്തർപ്രദേശ് അല്ലെങ്കിൽ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കും.
സമഗ്രമായ സാർവത്രിക വാക്സിനേഷൻ പ്രോഗ്രാം 'മിഷൻ റെയിൻബോ', മീസിൽസ്-റുബെല്ല (എംആർ) വാക്സിൻ, പോളിയോ ഇഞ്ചക്ഷൻ തുടങ്ങിയവ നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് തെലങ്കാന. ഇത് കണക്കിലെടുത്ത് തെലങ്കാനയെ പ്രീ-റെഡിനസ് ടെസ്റ്റ് നടത്തുന്നതിന് തെരഞ്ഞെടുത്തത്. വാക്സിനേഷൻ നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഡ്രൈ റണ്ണിൽ പരിശോധിക്കും.
കൊവിഡ് വാക്സിനുകൾ സംസ്ഥാനത്ത് താപനില ഏറ്റവും കുറഞ്ഞ പ്രദേശത്ത് സൂക്ഷിക്കും . അവിടെ നിന്ന് വാക്സിനുകൾ ജില്ലാതല സംഭരണ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് വാക്സിനേഷൻ നടത്തുന്ന ആശുപത്രികളിലേക്ക് കൊണ്ടുപോകും. പരീക്ഷണ സമയത്തുടനീളം മുൻകരുതലുകൾ പാലിക്കുകയും നടപടിക്രമങ്ങൾ എല്ലാ തലത്തിലും നേരിട്ട് നിരീക്ഷിക്കുകയും ചെയ്യും.
രാജ്യത്തൊട്ടാകെയുള്ള 30 കോടി ആളുകൾക്ക് ആദ്യ ബാച്ച് കോവിഡ് വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ആരോഗ്യ പ്രവർത്തകർ, പൊലീസ്, ശുചിത്വ തൊഴിലാളികൾ, മറ്റ് ഉദ്യോഗസ്ഥർ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾ എന്നിവർക്ക് പ്രാരംഭ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകും. 50 വയസ്സിനു മുകളിലുള്ള 26 കോടി ആളുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകും.
കേന്ദ്ര നിർദേശത്തെത്തുടർന്ന് കൊവിഡ് വാക്‌സിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ സംസ്ഥാന മെഡിക്കൽ ആരോഗ്യ ഉദ്യോഗസ്ഥർ ബുധനാഴ്ച യോഗം ചേരുമെന്ന് മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.