ഹൈദരാബാദ് : അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായെത്തുന്ന ഝുണ്ഡ് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ അപ്രീതി പ്രകടമാക്കി തെലങ്കാന ഹൈക്കോടതി. പരാതിക്കാരന് കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. കോടതിയുടെ സമയം നഷ്‌ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അടിയന്തരമായി ഹർജി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. 30 ദിവസത്തിനകം പ്രധാനമന്ത്രിയുടെ കൊവിഡ് സഹായ നിധിയിൽ തുക നിക്ഷേപിക്കാനും തുക അടക്കാത്ത സാഹചര്യത്തിൽ ഇയാളിൽ നിന്ന് പണം കണ്ടെത്താനും ഹൈദരാബാദ് ജില്ല കലക്‌ടർക്ക് കോടതി നിർദേശം നൽകി.
എൻജിഒ സ്ലം സോക്കറിന്‍റെ സ്ഥാപകനായ വിജയ് ബർസെയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഝുണ്ഡ്. ഹൈദരാബാദ് സ്വദേശിയായ സംവിധായകൻ ചിന്നികുമാർ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
READ MORE: Jhund Trailer | വിജയ് ബർസെ ആയി ബിഗ് ബി ; 'ഝുണ്ഡി'ന്‍റെ ട്രെയ്‌ലര്‍ പുറത്ത്
ദേശീയ അവാർഡ് ജേതാവ് നാഗരാജ് മഞ്ജുളെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ബിഗ് ബിയെക്കൂടാതെ സൈറാത്ത് ഫെയിം ആകാശ് തോസർ, റിങ്കു രാജ്‌ഗുരു എന്നിവരും നിർണായക വേഷത്തിലെത്തുന്നുണ്ട്. സുധാകർ റെഡ്ഡി യക്കന്തിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
ടി-സീരീസ്, താണ്ഡവ് ഫിലിംസ് എന്റർടൈൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, ആട്‌പത് ഫിലിംസ് എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, രാജ് ഹിരേമത്ത്, സവിത ഹിരേമത്ത്, നാഗരാജ് മഞ്ജുളെ, ഗാർഗി കുൽക്കർണി, മീനു അറോറ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.