ഹൈദരാബാദ്: അദാനി ഗ്രൂപ്പിനെതിരെ ഓഹരി കൃത്രിമത്വം ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടും പാര്‍ലമെന്‍റില്‍ പരാമര്‍ശിക്കാതെ പോയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. പ്രധാനമന്ത്രിയുടെ ഈ നടപടി ജനങ്ങളുടെ പ്രതീക്ഷക്കെതിരായിരുന്നുവെന്ന് നിയമസഭയില്‍ ധനവിനിയോഗ ബിൽ ചര്‍ച്ചക്കിടെയാണ് കെസിആര്‍ പ്രതികരിച്ചത്. വിഷയത്തില്‍ നേരിട്ട് സംസാരിക്കുന്നതിന് പകരം പ്രധാനമന്ത്രി കാടടച്ച് വെടിവയ്‌ക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നും മിണ്ടിയില്ല: ഇന്ത്യന്‍ ബാങ്കുകളിലും പൊതുമേഖല സ്ഥാപനമായ എല്‍ഐസിയിലും നിക്ഷേപിച്ചിരിക്കുന്നത് ആ കമ്പനിയാണ് (അദാനി ഗ്രൂപ്പ്). ലോകം മുഴുവന്‍ കാത്തിരുന്നത് മോദി ഈ വിഷയത്തില്‍ എന്ത് പറയുമെന്നാണ്. അദ്ദേഹം അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല എന്നുമാത്രമല്ല കാടടച്ച് വെടിയുതിര്‍ക്കുകയാണ് ചെയ്‌തതെന്ന് കെസിആര്‍ കുറ്റപ്പെടുത്തി. 2023-24 ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാകുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ തമാശയെന്നും അദ്ദേഹം പരിഹസിച്ചു.
'തള്ള്' മാത്രമോ: ആളോഹരി വരുമാനം കണക്കിലെടുക്കുകയാണെങ്കിൽ ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെക്കാൾ പിന്നിലാണ് ഇന്ത്യയെന്ന് കെസിആര്‍ അറിയിച്ചു. മാത്രമല്ല രാജ്യത്തിന്‍റെ സാമ്പത്തിക പ്രകടനം വിലയിരുത്തുന്നതിനുള്ള പ്രാഥമിക മാനദണ്ഡം ആളോഹരി വരുമാനമായിരിക്കെ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായെന്നുള്ള അവകാശവാദത്തെയും കെസിആര്‍ പരിഹസിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്‌ക്കരണങ്ങളോടുള്ള ചോദ്യത്തിന് സര്‍ക്കാര്‍ ബിസിനസ് ചെയ്യുന്നില്ലെന്ന മോദിയുടെ വാദത്തിന് അര്‍ഥമില്ലെന്നും ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ബിസിനസ് ചെയ്യണമെന്നും കെ ചന്ദ്രശേഖര റാവു വ്യക്തമാക്കി.
എല്ലാം 'സ്വകാര്യം': പൊതുമേഖല സ്ഥാപനങ്ങളുടെ അനന്തമായ സ്വകാര്യവത്‌ക്കരണമാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തുന്നതെന്നും കെസിആര്‍ കുറ്റപ്പെടുത്തി. സാമൂഹ്യവത്‌ക്കരണം നഷ്‌ടത്തിലേക്കെന്നും സ്വകാര്യവത്‌ക്കരണം ലാഭത്തിലേക്കുമെന്നുള്ള നയമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നറിയിച്ച അദ്ദേഹം രാജധാനി എക്‌സ്പ്രസ് പോലുള്ള മികച്ച ട്രെയിനുകൾ സര്‍വീസിലുള്ളപ്പോള്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ആവശ്യമെന്തായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതിഷേധം 'കാണാതെ': അതേസമയം അദാനി ഗ്രൂപ്പിനെതിരെ ഓഹരി കൃത്രിമത്വം ആരോപിച്ച് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തന്നെ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ സംസാരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആരോപണവിധേയനായ അദാനിക്കെതിരെ പ്രധാനമന്ത്രി ഒരു വാക്കുപോലും ഉരിയാടിയില്ലെന്നും അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നതില്‍ സംശയമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
ഇതൊരു ദേശീയ സുരക്ഷ പ്രശ്‌നമാണെന്നും അദാനി സുഹൃത്തല്ലെങ്കില്‍ പ്രധാനമന്ത്രി എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെടുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. എന്നാല്‍ നീണ്ട പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ഇന്ത്യയുടെ വളര്‍ച്ചയും മറ്റും ഉയര്‍ത്തിപ്പിടിച്ചുള്ള സുരക്ഷാകവചമൊരുക്കിയായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.