ഹൈദരാബാദ് : 1999ലെ പൊതുതെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ഓള്‍ ഇന്ത്യ മജ്‌ലിസ് -ഇ- ഇത്തിഹാദുള്‍ മുസ്ലിമീന്‍ (AIMIM)രക്ഷാധികാരി സലാഹുദ്ദീന്‍ ഒവൈസി ആന്ധ്രയുടെ അന്നത്തെ തലസ്ഥാനമായ ഹൈദരാബാദില്‍ തന്‍റെ കുടുംബവാഴ്ചയ്ക്ക് ബീജാവാപം ചെയ്യുകയായിരുന്നു. അതേ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ രണ്ട് മക്കളായ അക്ബറുദ്ദീനും അസദുദ്ദീനും ചാര്‍മിനാര്‍, ചാന്ദ്രയാനഗുട്ട എന്നീ മണ്ഡലങ്ങളില്‍ നിന്നും ലോക്‌സഭയിലെത്തി.
തുടര്‍ന്നിങ്ങോട്ട് ഒരു പതിറ്റാണ്ടില്‍ താഴെ സമയം കൊണ്ട് ഇവര്‍ രാഷ്ട്രീയ ലോകത്തിന്‍റേയും മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി മാറി. AIMIM കേവലം ഒരു പ്രാദേശിക പാര്‍ട്ടിയായി തുടരുമ്പോഴും ഒവൈസിമാര്‍ എവിടെ പോയാലും എന്തിന് പോയാലും അത് വാര്‍ത്തയാകുന്ന സാഹചര്യമാണ്. തെലങ്കാന രൂപീകരണത്തിന് ശേഷവും പാര്‍ട്ടിയുടെ പദവിയില്‍ മാറ്റമൊന്നും സംഭവിച്ചില്ല. എന്നാല്‍ ഒവൈസിമാരുടെ സ്ഥിതി അതായിരുന്നില്ല.
അവര്‍ പാര്‍ട്ടിയേക്കാളും വളര്‍ന്നു. രണ്ട് സഹോദരന്‍മാരില്‍ മികച്ച വാഗ്മി അസദുദ്ദീന്‍ ആയിരുന്നതിനാല്‍ തന്നെ തെലങ്കാനയില്‍ മറ്റൊരു നേതാവിനും ഉണ്ടാക്കിയെടുക്കാനാകാത്ത പ്രത്യേക സ്വാധീനം സൃഷ്ടിക്കാനായി. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മതേതര പാര്‍ട്ടികളുടെ പരാജയത്തെ നിശിതമായി വിമര്‍ശിച്ച് മുസ്ലിങ്ങളും ദളിതരും ഉള്‍ക്കൊള്ളുന്ന സാമൂഹ്യ സഖ്യം രൂപീകരിക്കണമെന്ന തന്‍റെ ആഗ്രഹം അദ്ദേഹം തുറന്നുകാട്ടി.
ഒവൈസിയുടെ ഈ തന്ത്രങ്ങള്‍ മുസ്ലിങ്ങളില്‍ ഭിന്നത ഉണ്ടാക്കുമെന്നും അത് ബിജെപിക്ക് സഹായകരമാകുമെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും AIMIM മേധാവിക്ക് തന്‍റെ പാര്‍ട്ടിയെ തെലങ്കാനയ്ക്ക് പുറത്തേക്കും വളര്‍ത്താനായി. രാഷ്ട്രീയ ചാണക്യനായ ഒവൈസിക്ക് മുസ്ലിങ്ങള്‍ എങ്ങനെ വോട്ടുചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.
ബിജെപിക്ക് മേല്‍ക്കൈയുള്ള മണ്ഡലങ്ങളിലെല്ലാം നില മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ വോട്ട് പങ്കാളിത്തം ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ പര്യാപ്തമാകുമോ എന്ന ചോദ്യം പ്രസക്തമായി നില്‍ക്കുന്നു. മുസ്ലിം, ദളിത്, ഒബിസി സമുദായങ്ങളടങ്ങിയ ഒരു സാമൂഹ്യ സഖ്യം രൂപീകരിക്കുന്നതിലാണ് ഒവൈസി ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്.
പാര്‍ട്ടി ചരിത്രം : 1927ലാണ് AIMIM രൂപീകൃതമാകുന്നത്. ഹൈദരാബാദില്‍ നിസാം ഭരണകൂടത്തിന് കീഴിലായിരുന്ന മുസ്ലിം ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘടന രൂപീകരിച്ചത്. പ്രസംഗങ്ങളിലൂടെ ജനലക്ഷങ്ങളെ സ്വാധീനിച്ച ഉജ്ജ്വല വാഗ്മി ബഹദൂര്‍യാര്‍ ജങ് എന്ന നേതാവിനുകീഴില്‍ സംഘടന വളരെ വേഗത്തില്‍ പടര്‍ന്ന് പന്തലിച്ചു. അദ്ദേഹത്തിന്‍റെ അകാല മരണത്തിന് ശേഷം നേതൃത്വം ഹൈദരാബാദ് ഇന്ത്യയില്‍ ലയിക്കുന്നതിനെ എതിര്‍ത്തിരുന്ന ഖാസിം റസ് വിയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു. (ബഹദൂര്‍യാര്‍ ജങ്ങിനെ വിഷം കൊടുത്തുകൊന്നതാണ് എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്).
ബിജെപി കരുത്താര്‍ജിച്ചതോടെ മുസ്ലിം അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന AIMIMന്‍റെ പ്രാധാന്യവും വര്‍ധിച്ചു. 1993ല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. സ്വാധീനമുള്ള ചില നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയി. അന്നത്തെ പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന സലാഹുദ്ദീന്‍ ഒവൈസിക്ക് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് ഇവര്‍ വിട്ടുപോയത്. ഇവര്‍ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് എന്ന സംഘടന രൂപീകരിച്ചു. കര്‍സേവകര്‍ ബാബറി മസ്‌ജിദ് തകര്‍ത്തപ്പോള്‍ റാവു യാതൊരു നടപടികളും കൈക്കൊണ്ടില്ലെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തി.
തെലുഗുദേശം പാര്‍ട്ടിയുടെ രൂപീകരണത്തോടെ കോണ്‍ഗ്രസുമായി അടുപ്പം ഉണ്ടായിട്ടും AIMIMന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ആദ്യം എന്‍ ടി രാമറാവുവിനോടും പിന്നീട് അദ്ദേഹത്തിന്‍റെ മരുമകന്‍ ചന്ദ്രബാബു നായിഡുവിനോടും പരാജയപ്പെട്ടു. 1994ലെ ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 294ല്‍ 226സീറ്റുകളും ടിഡിപി സ്വന്തമാക്കി. കോണ്‍ഗ്രസിന് കേവലം 26 സീറ്റുകള്‍ മാത്രമേ നേടാനായൂള്ളൂ.
AIMIM ഒരു സീറ്റിലേക്ക് ഒതുക്കപ്പെട്ടു. തൊട്ടുമുന്‍പത്തെ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. പുതുതായി രൂപീകരിക്കപ്പെട്ട മജ്‌ലിസ് ബച്ചാവോ തഹ്‌രീക് രണ്ട് സീറ്റുകള്‍ സ്വന്തമാക്കി നില മെച്ചപ്പെടുത്തി.
അതുവരെ തെലങ്കാന രൂപീകരണത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടി പെട്ടെന്ന് നിലപാടില്‍ മാറ്റം വരുത്തി. ഇവര്‍ പെട്ടെന്ന് തന്നെ തെലങ്കാന രാഷ്ട്ര സമിതിക്ക് പിന്തുണയുമായി രംഗത്ത് എത്തി. തെലങ്കാന സംസ്ഥാനം എന്ന ആശയവുമായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയായിരുന്നു ടിആര്‍എസ്.
AIMIM മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു : മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ തെലങ്കാനയില്‍, പതിറ്റാണ്ടുകളായി ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ നാല് സീറ്റുകള്‍ മാത്രം മതിയെന്ന നിലപാടിലാണ് പാര്‍ട്ടി. മുസ്ലിം ആധിപത്യമുള്ള നിസാമബാദ്, മേധക്, അദിലാബാദ്, മെഹബൂബ നഗര്‍, കരിംനഗര്‍ തുടങ്ങിയ ജില്ലകളിലെ നിയമസഭാമണ്ഡലങ്ങള്‍ വേണ്ടെന്ന് വച്ചാണ് ഇവര്‍ നഗരത്തിലേക്ക് മാത്രമായി ചുരുങ്ങിയത്. 15.35%, 11.29%, 10.07%, 8.24%, 6.48% എന്നിങ്ങനെയാണ് ഈ അഞ്ച് ജില്ലകളിലെ മുസ്ലിം ജനസംഖ്യ. 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ AIMIM ബാക്കിയുള്ള 111 സീറ്റുകളിലും ടിആര്‍എസിനെ പിന്തുണയ്ക്കുകയായിരുന്നു.
അതേസമയം പശ്ചിമബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഗുജറാത്തിലെ മുപ്പത് ലോക്‌സഭ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇവയില്‍ പലതിലും മുസ്ലിം ജനസംഖ്യ വളരെ കുറവുമാണ്. തെലങ്കാനയില്‍ മുസ്ലിം ജനസംഖ്യ 12.7%ആണ്. ഗുജറാത്ത്(9.7%)മഹാരാഷ്ട്ര(11.54%) എന്നിവിടങ്ങളിലേതിനേക്കാള്‍ കൂടുതലാണത്. ഇതിന്‍റെ രാഷ്ട്രീയമെന്തെന്ന് പാര്‍ട്ടി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.