പട്ന: തനിക്ക് അനുവദിച്ച സര്‍ക്കാര്‍ വസതിയെ കൊവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. യാദവ് തന്‍റെ സ്വകാര്യ ഫണ്ടിൽ നിന്ന് പട്നയിലെ പോളോ റോഡിൽ കൊവിഡ് കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും കിടക്കകളും ഓക്സിജനും സൗജന്യ ഭക്ഷണത്തിനുള്ള സൗകര്യവും കേന്ദ്രങ്ങളില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ വസതികളും കൊവിഡ് കേന്ദ്രങ്ങളാക്കണമെന്ന് യാദവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: സിംഗപ്പൂരിലെ കൊവിഡ് പുതിയ വകഭേദം; ഡൽഹി മുഖ്യമന്ത്രിയ്‌ക്ക് വിദേശകാര്യ മന്ത്രിയുടെ ശാസന
അതേസമയം ചട്ടപ്രകാരം കൊവിഡ് സെന്‍റർ സംസ്ഥാന സർക്കാരിന് കൈമാറാൻ യാദവ് തീരുമാനിച്ചു. ഇക്കാര്യത്തിൽ കൊവിഡ് കെയർ സെന്‍റർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. അതേസമയം ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,286 പുതിയ കൊവിഡ് കേസുകളും 111 മരണങ്ങളും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.