ബോട്ടാഡ്: ഗുജറാത്തിലെ ബോട്ടാഡ് പട്ടണത്തിലെ കൃഷ്‌ണ സാഗർ തടാകത്തിൽ അഞ്ച് കൗമാരക്കാർ മുങ്ങിമരിച്ചു. ശനിയാഴ്‌ച ഉച്ചയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമുണ്ടായത്. ആദ്യം തടാകത്തിൽ മുങ്ങിയ രണ്ട് കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് മൂന്ന് കുട്ടികൾ കൂടി വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.
ശനിയാഴ്‌ച ഉച്ചയ്ക്ക് ശേഷം കൃഷ്‌ണ സാഗർ തടാകത്തിൽ കുളിക്കാനെത്തിയതായിരുന്നു കുട്ടികൾ. ഇതിനിടെ ആദ്യം വെള്ളത്തിലിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായ മറ്റ് മൂന്ന് കുട്ടികൾ ഇവരെ രക്ഷിക്കുന്നതിനായി വെള്ളത്തിലേക്ക് ചാടിയെങ്കിലും ഇവരും മുങ്ങിപ്പോകുകയായിരുന്നു.
മരിച്ച എല്ലാവരുടെയും പ്രായം 16-17 വയസിനിടയിലാണ്. വൈകിട്ട് നാല് മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും മുങ്ങൽ വിദഗ്‌ധരും ചേർന്ന് 45 മിനിറ്റ് നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിലാണ് അഞ്ച് മൃതദേഹങ്ങളും പുറത്തെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എസ്‌പി കിഷോർ ബലോലിയ പറഞ്ഞു.
മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു: ശനിയാഴ്‌ച എറണാകുളം പറവൂർ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നീ കുട്ടികളാണ് മുങ്ങിമരിച്ചത്. ബന്ധുവീട്ടിൽ എത്തിയ കുട്ടികൾ വീട്ടുകാർ അറിയാതെ ഇന്നലെ ഉച്ചയോടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.
നീന്തലറിയാവുന്ന ഇവർ ഏറെ നേരം നീന്തികളിച്ചതിന് ശേഷമാണ് ഒഴുക്കിൽ പെട്ടത്. തട്ടുകടവ് പാലത്തിന് താഴെയായതിനാൽ കുട്ടികൾ അപകടത്തിൽപ്പെട്ടത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പുഴയ്‌ക്ക് സമീപം കുട്ടികളുടെ ഒരു സൈക്കിളും ചെരുപ്പും വസ്‌ത്രങ്ങളും കണ്ടെത്തി.
തുടർന്ന് പുഴയിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്രീവേദയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. അഭിനവിന്‍റെയും ശ്രീരാഗിന്‍റെയും മൃതദേഹങ്ങൾ രാത്രി വൈകിയാണ് കണ്ടെത്താനായത്. ആഴമേറിയതും ഒഴുക്ക് കൂടുതലുമായ പുഴയിൽ ആരും ഇറങ്ങാറില്ലെന്നും ഇത് അറിയാതെ കുട്ടികൾ ഇറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ പറയുന്നു.