സിലിഗുരി (പശ്ചിമബംഗാള്‍) : കല്‍ക്കരിയുടെ വിലവര്‍ധനവും ലഭ്യതക്കുറവും തേയിലവ്യവസായത്തെ മോശമായി ബാധിക്കുന്നതായി ഫാക്‌ടറി ഉടമകള്‍. പ്രശ്‌നം പരിഹരിക്കാന്‍ ഉടനടി സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യപ്പെട്ട് വടക്കന്‍ ബംഗാളിലെ വ്യവസായികള്‍ രംഗത്തെത്തി. സംസ്ഥാനത്തെ മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന സാമ്പത്തിക ശ്രോതസ്സാണ് തേയില വ്യവസായം.
നിലവിലെ സാഹചര്യത്തില്‍ ഉത്പാദനച്ചെലവ് കുറയ്‌ക്കാനായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് വ്യവസായികള്‍. സോളാര്‍ അല്ലെങ്കില്‍ ഗ്യാസ് ലൈനുകള്‍ പോലുള്ള സംവിധാനങ്ങളാണ് ഫാക്‌ടറി ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ തേയിലത്തോട്ടങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഉടമകള്‍.
വടക്കൻ ബംഗാളിലെ 450 ഫാക്‌ടറികൾ 100 ശതമാനവും കൽക്കരി ഉപയോഗിച്ചാണ് പ്രവർത്തനം നടത്തുന്നത്. ഇതിനായി വടക്ക് കിഴക്കന്‍ പാടങ്ങളില്‍ നിന്നായിരുന്നു ഇത് എത്തിച്ചിരുന്നത്. ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) പുറപ്പെടുവിച്ച നിർദ്ദേശങ്ങളെ തുടര്‍ന്ന് നിലവില്‍ ഇന്തോനേഷ്യയില്‍ നിന്നാണ് വ്യവസായത്തിനായി കല്‍ക്കരി എത്തിക്കുന്നതെന്ന് സിലിഗുരിയിലെ ടീ ഫാക്‌ടറി ഉടമ സതീഷ് മിതൃക പറഞ്ഞു.
മെട്രിക് ടണ്ണിന് 8,000 രൂപയ്ക്ക് ലഭിച്ചിരുന്ന കല്‍ക്കരി ഇപ്പോൾ 21,000 രൂപയ്‌ക്കാണ് ലഭിക്കുന്നത്. വിലവര്‍ധനവ് മൂലം ഉത്പാദനച്ചെലവ് ഉയര്‍ന്നത് തേയിലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം തേയില ഉത്പാദനത്തിന്‍റെ 30 ശതമാനവും വിപണിയിലെത്തിക്കുന്ന മേഖലയില്‍ 5 ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.