ദിസ്‌പൂർ: അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഗൊഗോയിയെ ഗുവാഹത്തി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഒന്നിലധികം അവയവങ്ങൾക്ക് തകരാറുള്ള അദ്ദേഹത്തിന് ഞായറായ്‌ച ഡയാലിസിസിസ് ചെയ്തുവെന്നും ഇപ്പോൾ വെന്‍റിലേറ്ററിൽ പ്രവേശിപ്പിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടാകുന്നുണ്ടെന്നും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഇപ്പോൾ ശ്വസിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഗൊഗോയിയുടെ മകൻ ഗൗരവിനൊപ്പം അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയും ആശുപത്രിയിലുണ്ട്.
മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായ ഗൊഗോയിയെ നവംബർ രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 25 ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഒക്‌ടോബർ 25 ന് കൊവിഡിനും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള ചികിത്സകൾക്ക് ശേഷം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തിരുന്നു.