രാമനാഥപുരം(തമിഴ്‌നാട്): തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് വിഗ്രഹങ്ങളുടെ അനധികൃത വില്പനനയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. രാമനാഥപുരം ബിജെപി ന്യൂനപക്ഷ സെക്രട്ടറി അലക്‌സാണ്ടര്‍ ആണ് അറസ്റ്റിലായത്. അലക്‌സാണ്ടറിന് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റിലായി.
അഞ്ച് കോടിയിലധികം രൂപ വിലവരുന്ന ഏഴ് പുരാതന വിഗ്രഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. രാമനാഥപുരത്തെ ഒരു ക്ഷേത്രത്തിന് പിറക് വശത്തുള്ള കനാലില്‍ നിന്നാണ് വിഗ്രഹങ്ങള്‍ കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അലക്‌സാണ്ടര്‍ പിടിയിലായത്.
ചോദ്യം ചെയ്യലില്‍ രണ്ട് പൊലീസുകാരാണ് വിഗ്രഹങ്ങള്‍ കൈമാറിയതെന്ന് അലക്‌സാണ്ടര്‍ മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സേലത്ത് നിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങളാണിതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇളങ്കുമാരന്‍, നാഗേന്ദ്രന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Also read: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍