ചെന്നൈ: മഴ ശക്തമായി തുടരുന്ന തമിഴ്‌നാട്ടില്‍ (Tamil Nadu) ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ (Chennai), തിരുവള്ളൂര്‍ (Tiruvallur), റാണിപ്പേട്ട് (Ranipet), കാഞ്ചീപുരം (Kanchipuram), വെല്ലൂര്‍ (Vellore), ചെങ്കല്‍പ്പേട്ട് (Chengalpattu) എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജൂണ്‍ മാസത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്.
തമിഴ്‌നാട്ടില്‍ ഇന്നലെ (ജൂണ്‍ 18) അര്‍ധരാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലേക്കുള്ള പത്ത് വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്.
ദുബായ്, ദോഹ, അബുദാബി, ലണ്ടൻ, ഷാർജ, കൊളംബോ, സിംഗപ്പൂർ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് എത്തിയ വിമാനങ്ങളാണ് ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്. ചെന്നൈയിൽ നിന്ന് ഡൽഹി, ആൻഡമാൻ, ഫ്രാങ്ക്ഫർട്ട്, ദുബായ്, ലണ്ടൻ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ വൈകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴ ഇന്നലെ രാത്രിയോടെ ആയിരുന്നു കൂടുതല്‍ ശക്തിപ്രാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ താഴ്‌ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. റോഡുകളിലും വെള്ളം കയറിയതോടെ പല സ്ഥലങ്ങളിലും ഗതാഗതം താറുമാറായി.
ഗിണ്ടി കത്തിപ്പാറ ടണൽ പൂർണമായും വെള്ളത്തിന് അടിയിലാണ്. ഇതുവഴിയുള്ള യാത്ര പൊലീസ് പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്. തുരങ്കത്തിലെ വെള്ളം നീക്കാനായി ചെന്നൈ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മഴയില്‍ നിരവധി നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
ജാഗ്രതയില്‍ അസം: അസം ലഖിംപൂരിലെ വെള്ളപ്പൊക്കം ആശങ്കാജനകമായി തുടരുകയാണ്. പല നദികളിലും ജലനിരപ്പ് ഉയരുന്നതിനാല്‍ അസമിലെ മുഴുവന്‍ ജില്ലകളും അതീവ ജാഗ്രതയിലാണ്. ദേശീയ ദുരന്ത നിവാരണ സേന (NDRF), ഇന്ത്യന്‍ വ്യോമസേന എന്നിവയും സംസ്ഥാനത്ത് അടിയന്തര സാഹചര്യമുണ്ടായാല്‍ ഇടപെടല്‍ നടത്താന്‍ സജ്ജരായിരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, ഇന്ന് ഡല്‍ഹിയിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു.
കേരളത്തിലും മഴ: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read : Kerala rains | സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലർട്ട്