ചെന്നൈ : എംഎസ്‌എംഇകൾക്കും ചെറുകിട വ്യവസായങ്ങൾക്കും വായ്‌പ തിരിച്ചടവിന് മൊറട്ടോറിയം നല്‍കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. കേരളം, മഹാരാഷ്ട്ര, ആന്ധ്ര, ബിഹാർ, ഛത്തീസ്‌ഗഡ്, ഡൽഹി, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തെഴുതിയത്.
സംസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യത്തിന്‍റെ പ്രതിരോധ കുത്തിവയ്‌പ്പ് നയം കേന്ദ്രം തിരുത്തി. അതിനാൽ ഈ അത്യാവശ്യ സമയത്ത് സംസ്ഥാനങ്ങളുടെ കൂട്ടായ ശക്തി കാണിക്കേണ്ടതുണ്ട്. അതിനാൽ സംസ്ഥാനങ്ങൾ ഒന്നിച്ച് നിന്ന് വ്യവസായ സംരംഭങ്ങളെ പരിപോഷിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
അഞ്ച് കോടി രൂപവരെ ലോണെടുത്ത ചെറുകിട വ്യവസായങ്ങൾക്ക് കുറഞ്ഞത് 2021-22 ന്‍റെ ആദ്യ രണ്ട് പാദങ്ങളിലെങ്കിലും വായ്‌പ തിരിച്ചടയ്ക്കുന്നതിന് മൊറട്ടോറിയം നൽകണമെന്ന് കേന്ദ്ര ധനമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും കത്തെഴുതണമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരോട് അഭ്യർഥിച്ചു.
ALSO READ: ഡൽഹിയിൽ 316 കൊവിഡ് കേസുകൾ കൂടി; 5000ൽ താഴെ സജീവ കേസുകൾ
അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം ദുരിതാശ്വാസ നടപടികളിലെ മെല്ലെപ്പോക്ക് രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലവസരത്തിന്‍റെയും നെടുംതൂണായ ബിസിനസുകൾ പൂട്ടിപ്പോകാൻ കാരണമാകും. ഇത് വ്യാപകമായ സാമ്പത്തിക ദുരിതത്തിലേക്ക് നയിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.