ചെന്നൈ: തമിഴ് സിനിമ താരം ദീപ എന്നറിയപ്പെടുന്ന പോളിൻ ജെസീക്കയെ (29) ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച (17.09.2022) ചെന്നൈയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും നടിയുടെ ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു.
തനിക്കൊരു പ്രണയബന്ധം ഉണ്ടായിരുന്നതായും കാമുകനുമായുള്ള അഭിപ്രായഭിന്നതയാണ് അത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. അതേസമയം തന്‍റെ ആത്മഹത്യയ്‌ക്ക് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
മാതാപിതാക്കളുടെ തുടരെയുള്ള ഫോൺ കോളുകൾക്ക് ദീപ പ്രതികരിക്കാതിരുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വീട്ടുകാരുടെ നിർദേശമനുസരിച്ച് ദീപയുടെ സുഹൃത്ത് പ്രഭാകരൻ ശനിയാഴ്‌ച വിരുഗമ്പാക്കത്തെ മല്ലിഗൈ അവന്യൂവിലുള്ള ദീപയുടെ വസതിയിലേക്കെത്തിയപ്പോൾ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ ദീപയുടെ സഹോദരൻ ദിനേശ് കോയമ്പേട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ട 29 കാരിയായ ദീപയുടെ ഏറ്റവും പുതിയ റിലീസ് ചിത്രമാണ് 'വൈധ'. 'തുപ്പരിവാളൻ' എന്ന സിനിമയിലെ താരത്തിന്‍റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.