ചെന്നൈ: ബിജെപി തനിക്ക് കുടുംബ വീട് പോലെയാണെന്നും എന്നാൽ ഇപ്പോൾ തന്‍റെ പ്രശ്‌നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നും പാര്‍ട്ടിവിട്ട ശേഷം നടി ഗായത്രി രഘുറാം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്ന് ഗായത്രി ആരോപിച്ചു. സമീപകാലത്ത് പാര്‍ട്ടി നേതൃത്വത്തിനെതിരായി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ അവര്‍ ഇന്ന് രാജിവയ്‌ക്കുകയായിരുന്നു.
150 പ്രവർത്തകർ പങ്കെടുത്ത പാര്‍ട്ടി യോഗത്തില്‍ അണ്ണാമലൈ തന്നെക്കുറിച്ച് മോശമായ പരാമർശം നടത്തി എന്നും ഇവര്‍ ആരോപിച്ചു. 'അന്വേഷണം സംബന്ധിച്ച വിഷയത്തില്‍ ഒരു അവസരം, തുല്യാവകാശം, ബഹുമാനം എന്നിവ നൽകാത്തത് കണക്കിലെടുത്ത് ഞാന്‍ തമിഴ്‌നാട് ബിജെപിയിൽ നിന്ന് രാജിവച്ചു. ഭാരിച്ച ഹൃദയത്തോടെയാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. അണ്ണാമലൈയുടെ നേതൃത്വത്തിൽ സ്‌ത്രീകൾ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി ട്രോളപ്പെടുന്നതാണ് നല്ലത്'. - ഗായത്രി, ട്വീറ്റില്‍ ഇങ്ങനെ കുറിച്ചാണ് തന്‍റെ രാജി പ്രഖ്യാപിച്ചത്.
ബിജെപി കള്‍ച്ചറല്‍ വിങ്ങിന്‍റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ അടുത്തിടെയാണ് അണ്ണാമലൈ സസ്‌പെന്‍ഡ് ചെയ്‌തത്. പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ, ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടി പരസ്യ പ്രതികരണം നടത്തിയിരുന്നു. തുടര്‍ന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.