ന്യൂഡല്‍ഹി: സസ്‌പെന്‍ഷനിലായ എം.പിമാരുടെ രാപ്പകല്‍ കുത്തിയിരിപ്പ് സമരം 50 മണിക്കൂര്‍ പിന്നിട്ടു. പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ലോക്‌സഭ, രാജ്യസഭ എന്നിവിടങ്ങളിലെ 27 എം.പിമാരാണ് സസ്‌പെന്‍ഷനിലായത്. പാര്‍ലമെന്‍റ് വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്‍പിലാണ് സമരം.
വിലക്കയറ്റം, തൊഴിലില്ലായ്‌മ, ജി.എസ്.ടി നിരക്ക് വര്‍ധന, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാര്‍ രാജ്യസഭയിലും ലോക്‌സഭയിലും ബഹളംവച്ചു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ്, ഡി.എം.കെ, എ.എ.പി, ടി.ആര്‍.എസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളിലെ എം.പിമാര്‍ ഇരു സഭകളില്‍ നിന്നും നടപടി നേരിട്ടത്.
നടപടി അനുചിതമായി പെറുമാറിയെന്ന് കാണിച്ച്: കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന് എം.പിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ആരോപിച്ചു. പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിനിടെ അനുചിതമായി പെരുമാറിയെന്ന് കാണിച്ച് 23 രാജ്യസഭ എം.പിമാരും നാല് ലോക്‌സഭ എം.പിമാരും ഉൾപ്പെടെ 27 പേര്‍ക്കെതിരെയാണ് നടപടി. ഒരാഴ്‌ചത്തേക്കാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തത്. ബുധനാഴ്‌ച ഉച്ചയോടെയാണ് സമരം ആരംഭിച്ചത്. ഒരേ സമയത്ത് കൂടുതല്‍ ആളുകള്‍ക്കെതിരായ നടപടി രാജ്യസഭയില്‍ ആദ്യമായാണ് ഉണ്ടാവുന്നത്.
ALSO READ| സസ്പെൻഷൻ രാജ്യസഭയിലും: 3 കേരള എം.പിമാര്‍ ഉള്‍പ്പടെ 19 പേര്‍ക്കെതിരെ നടപടി
അതേസമയം, കുത്തിയിരിപ്പ് സമരം വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചോടെ അവസാനിച്ചേക്കുമെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. ആം ആദ്‌മി പാർട്ടി നേതാവ് സഞ്ജയ് സിങ്, സുശീൽ ഗുപ്‌ത, തൃണമൂൽ കോൺഗ്രസ് നേതാക്കളായ അബിർ രഞ്ജൻ ബിശ്വാസ്, ഡെറെക് ഒബ്രിയാൻ, ഡോല സെൻ, സുസ്‌മിത ദേവ്, മൗസം നൂർ തുടങ്ങിയവര്‍ പാര്‍ലമെന്‍റ് വളപ്പില്‍ രാത്രിയും തുടര്‍ന്നു. കിടക്ക, തലയണ, കൊതുകുവല എന്നിവ, ജനപ്രതിനിധികള്‍ പ്രതിഷേധം നടക്കുന്നിടത്ത് സജ്ജീകരിച്ചിരുന്നു.
ALSO READ| രാജ്യസഭ അധ്യക്ഷന് നേരെ പേപ്പര്‍ വലിച്ചെറിഞ്ഞു: ആംആദ്മി എംപി സഞ്ജയ് സിങ്ങിന് സസ്‌പെന്‍ഷന്‍