പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിൻ്റെ അഞ്ചാം ദിനമായ ഇന്ന് സന്നിധാനത്ത് നെയ്യഭിഷേകം ഉൾപ്പെടെയുള്ള എല്ലാ പൂജകളും പൂർത്തിയായി. രാത്രിയിൽ ശരംകുത്തിയിലേയ്ക്ക് ഭഗവാൻ്റെ എഴുന്നള്ളത്ത് നടക്കും. നാളെ (ജനുവരി 19) വരെയാണ് തീർഥാടകർക്ക് ദർശനം നടത്താനാക്കുക. 20ന് മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടയ്ക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിൻ്റെ അഞ്ചാം ദിവസമായ ഇന്ന് അയ്യപ്പന് കളഭാഭിഷേകം നടന്നു. തിരുവാഭരണ പേടകത്തിലെ തങ്കകലശത്തിൽ പന്തളം കൊട്ടാരത്തിൽ നിന്ന് എത്തിക്കുന്ന ചന്ദനം ഉപയോഗിച്ചാണ് കളഭാഭിഷേകം നടത്തുക. ഇതോടെ ഈ സീസണിലെ അയ്യൻ്റെ നെയ്യഭിഷേകം ഉൾപ്പെടെയുള്ള എല്ലാ അഭിഷേക പൂജകളും പൂർത്തിയായി. തുടർന്ന് സന്നിധാനത്ത് കളഭസദ്യയും നടക്കും. വൈകിട്ട് മണിമണ്ഡപത്തിൽ തിരുവാഭരണ വിഭൂഷിതനായ ശ്രീധർമ്മശാസ്‌താവിൻ്റെ രൂപമാണ് കളമെഴുതുക. വിളക്കെഴുന്നള്ളത്തിൽ ഇന്ന് ഭഗവാൻ ശരം കുത്തിയിലേയ്ക്കാണ് എഴുന്നള്ളത്ത് നടത്തുക.
മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് തീർഥാടകരെത്തുന്നതിനാൽ ശരംകുത്തിക്ക് വെളിയിലാക്കപ്പെട്ട ഭൂതഗണങ്ങളെ ഒപ്പം കൂട്ടി തീവെട്ടിയും ആഘോഷങ്ങളും ഒഴിവാക്കി തിരികെ മണിമണ്ഡപത്തിലേക്ക് അയ്യപ്പസ്വാമി എഴുന്നള്ളുന്നു എന്നതാണ് സങ്കൽപ്പം. നായാട്ടുവിളിയും നടക്കും. ഇന്നോടെ ഈ ചടങ്ങുകൾക്കെല്ലാം സമാപനമാക്കും. നാളെ വരെയാണ് തീർഥാടകർക്ക് ദർശനം നടത്താനാക്കുക.
നാളെ വൈകിട്ട് 6 വരെ മാത്രമേ തീർഥാടകരെ പമ്പയിൽനിന്ന് കയറ്റിവിടൂ. രാത്രി മാളികപ്പുറത്ത് രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ഗുരുതി പൂജയും നടക്കും. 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം തിരുവാഭരണലോഷയാത്രാസംഘം പന്തളത്തേയ്ക്ക് തിരിക്കും. തുടർന്ന് 6.30ഓടെ മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നടയടയ്ക്കും.
Also Read: പന്തളത്തെ കണ്ടാളന്തറ മല 'നിന്നുകത്തി'; തീയണയ്‌ക്കാനായത് 11 മണിക്കൂറുകൾക്ക് ശേഷം