പാലി: രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്‌സ്പ്രസിന്‍റെ എട്ട് കോച്ചുകൾ പാളം തെറ്റി. ജോധ്പൂർ ഡിവിഷനിലെ രാജ്‌കിയവാസ്-ബോമദ്ര സെക്ഷനുമിടയിൽ ഇന്ന് പുലർച്ചെ 3.27നായിരുന്നു സംഭവം. ആളപായം ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ കണക്കുകൾ.
ബാന്ദ്ര ടെർമിനസിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യാത്ര മധ്യേ കുടുങ്ങിപ്പോയവർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേയിലെ സിപിആർഒ അറിയിച്ചു.
നോർത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജയ്‌പൂരിലെ കൺട്രോൾ റൂമിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പറഞ്ഞു. യാത്രക്കാർക്കും അവരുടെ കുടുംബത്തിനോ മറ്റോ ബന്ധപ്പെടുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിട്ടുണ്ട്.
- ജോധ്പൂർ: 02912654979, 02912654993, 02912624125, 02912431646.
- പാലി-മർവർ: 02932250324.
- 138, 1072 എന്നീ നമ്പറുകളിലും വിവരങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
മർവർ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് 5 മിനിറ്റിനുള്ളിൽ ഒരു വൈബ്രേഷൻ പോലെ അനുഭവപ്പെട്ടു. 2-3 മിനുട്ടിന് ശേഷം ട്രെയിൻ നിന്നു. ഇറങ്ങി നോക്കിയപ്പോൾ 8ഓളം ട്രെയിനുകൾ ട്രാക്കിന് പുറത്താണെന്ന് കണ്ടു. 15 മിനുട്ടുകൾക്കകം ആംബുലൻസുകളെത്തി'- ട്രെയിനിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.