ന്യൂഡല്‍ഹി : രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കി സുപ്രീം കോടതി. ഗവര്‍ണറുടെ തീരുമാനത്തിന് സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉദ്ധവ് സര്‍ക്കാര്‍ നാളെ രാവിലെ 11 മണിക്ക് വിശ്വാസവോട്ട് തേടണം. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി, ജൂൺ 30ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിർദേശം നൽകിയിരുന്നു.
ഇതിനെതിരെ ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭുവാണ് കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. കോടതി വിധി എതിരായാല്‍ വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് രാജി സമര്‍പ്പിക്കുമെന്ന് ഉദ്ധവ് താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്.
സുനിൽ പ്രഭു നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് വിധി പറഞ്ഞത്. ഗവർണർ അദ്ദേഹത്തിന്‍റെ വിവേചനാധികാരത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു. വിശ്വാസ വോട്ടെടുപ്പ് ഭയക്കുന്ന ഒരു പാർട്ടിയെ താന്‍ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഏക്‌നാഥ് ഷിന്‍ഡക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ കോടതിയില്‍ പറഞ്ഞു.
സുനില്‍ പ്രഭുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്‌വി ഹാജരായി. ഒരു വർഷമായി എംഎൽസിക്ക് നോമിനേഷൻ അനുവദിക്കാത്ത ഗവർണറാണ് മഹാരാഷ്‌ട്രയുടേതെന്നും ഗവര്‍ണര്‍ അവിശ്വാസ വേട്ടെടുപ്പിന് ഉത്തരവിട്ടത് തികച്ചും രാഷ്ട്രീയ ലാക്കോടെയാണെന്നും സിംഗ്‌വി കുറ്റപ്പെടുത്തി. രണ്ടുദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാജ്ഭവനില്‍ ചെന്ന് ഗവർണറെ കാണുകയും പിറ്റേന്ന് ഉത്തരവിറക്കുകയും ചെയ്‌തു.
എന്നാല്‍ ഗവര്‍ണറെ ആരും സംശയിക്കുന്നില്ല. അദ്ദേഹം മുഖ്യമന്ത്രിയെ വിളിച്ചത് മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാനല്ലെന്നും സിംഗ്‌വി കോടതിയില്‍ പറഞ്ഞു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചൊവ്വാഴ്ച വൈകുന്നേരം ഡൽഹിയിൽ നിന്ന് മടങ്ങിയ ശേഷം ഗവർണറെ കാണുകയും ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്‌തിരുന്നു. നാളെ രാവിലെ 11 മണിക്ക് നടക്കുന്ന അവിശ്വാസ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാനും സുപ്രീം കോടതി നിര്‍ദേശമുണ്ട്.