ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ 2016ലെ നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി. ലക്ഷ്യത്തിലെത്തിയില്ലെങ്കിലും നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ആര്‍ബിഐയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ഗവായ് ആണ് വിധി വായിച്ചത്. വിഷയത്തില്‍ ഭിന്നവിധിയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്‌ന പുറപ്പെടുവിച്ചത്. ഗവായിയുടെ വിധിയില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞ നാഗരത്‌ന, നടപടിക്രമങ്ങള്‍ പാലിച്ചെന്ന വിധിയോട് യോജിപ്പില്ലെന്നും പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമായിരുന്നു എന്നും വ്യക്തമാക്കി. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്‌നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്‌നയുടെ വിധിയില്‍ വിശദീകരിച്ചു.
ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് നിരോധനത്തെ അനുകൂലിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ നടപടി റദ്ദാക്കാനാവില്ലെന്നും ആവശ്യമെങ്കിൽ റെഗുലേറ്ററി ബോർഡുമായി കൂടിയാലോചിച്ച ശേഷം സർക്കാരിന് തീരുമാനമെടുക്കാമെന്നും കേന്ദ്ര സർക്കാർ നിർദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് വിധി പ്രസ്താവത്തില്‍ നിരീക്ഷിച്ചു. ഇതോടെ നോട്ട് നിരോധനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ അസാധുവായി. ലക്ഷ്യങ്ങൾ കൈവരിച്ചോ എന്ന ചോദ്യം പ്രസക്തമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. 2016 നവംബർ എട്ടിന് രാത്രി എട്ട് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 എന്നീ രൂപയുടെ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.