ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം തടവുകാരായ 11 പ്രതികള്‍ക്ക് ശിക്ഷ ഇളവ് അനുവദിച്ച് ഗോധ്ര ജയിലിൽ നിന്ന് മോചിപ്പിച്ചതിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്‌ച(25.08.2022) കേന്ദ്ര സര്‍ക്കാറിനോടും ഗുജറാത്ത് സര്‍ക്കാറിനോടും പ്രതികരണം തേടി. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, ആക്‌ടിവിസ്റ്റ് രൂപ് രേഖ റാണി എന്നിവർ ചേര്‍ന്നാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് പ്രതികരണം തേടി സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും നോട്ടിസ് അയച്ചത്.
കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതികള്‍ക്ക് ഇളവ് അനുവദിച്ചവരെ കക്ഷികളായി ഉള്‍പ്പെടുത്താന്‍ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ഗുജറാത്ത് സര്‍ക്കാറിന്‍റെ ഇളവ് നയ പ്രകാരം ഓഗസ്റ്റ് 15നാണ് കേസിലെ 11 പ്രതികളെയും ജയില്‍ മോചിതരാക്കി വിട്ടയച്ചത്. കേസില്‍ ഉള്‍പ്പെട്ട പതിനൊന്ന് പ്രതികളും 15 വര്‍ഷത്തിലധികം ജയില്‍വാസം പൂര്‍ത്തിയാക്കിയവരായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് അനുവദിച്ച സംഭവം നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
2002 മാര്‍ച്ച് മൂന്നിനുണ്ടായ ഗുജറാത്ത് കലാപത്തിനിടെ ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷമുണ്ടായ അക്രമങ്ങള്‍ക്കിടെയാണ് രണ്‍ധിക്‌പൂര്‍ സ്വദേശിനി ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. 21കാരിയായ ബില്‍ക്കിസ് അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു കൂട്ടബലാത്സംഗം നടന്നത്. മാത്രമല്ല ബില്‍ക്കിസ് ബാനുവിന്‍റെ മൂന്ന് വയസുകാരിയായ മകളെ കലാപകാരികള്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയും ചെയ്‌തു.
ബാനുവിന്‍റെ കുടുംബത്തിലെ നാല് പുരുഷന്മാരടക്കം 14 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ബില്‍ക്കിസ് ബാനുവിനൊപ്പം കുടുംബത്തിലെ മറ്റ് സ്‌ത്രീകളും ബലാത്സംഗത്തിന് ഇരയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബാനു പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസില്‍ നിന്ന് ബാനുവിന് നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നു. മാത്രമല്ല കേസിലെ തെളിവുകള്‍ പൊലീസ് നശിപ്പിക്കുകയും കലാപത്തില്‍ മരിച്ച ബില്‍ക്കിന്‍റെ കുടുംബാംഗങ്ങളെ പോസ്റ്റ്‌മോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കുകയും ചെയ്‌തു.
തുടര്‍ന്നും പ്രതികള്‍ക്കെതിരെ പൊരുതിയപ്പോള്‍ ബില്‍ക്കിസ് ബാനുവിന്‍റെ മൊഴികളിലെ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് തള്ളി പോയി. ഇതേ തുടര്‍ന്ന് ബില്‍ക്കിസ് ബാനു ദേശീയ മനുഷ്യവകാശ കമ്മിഷനെ സമീപിച്ചു. ഏകേശം 17 വര്‍ഷത്തോളം തുടര്‍ന്ന നിയമ യുദ്ധത്തിനൊടുവിലായിരുന്നു ബില്‍ക്കിസ് ബാനുവിന് അനുകൂലമായ വിധി വന്നത്.
2008 ജനുവരിയിലാണ് കേസില്‍ ഉള്‍പ്പെട്ട പതിനൊന്ന് പ്രതികള്‍ക്കും മുംബൈ പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിധി നടപ്പാക്കി 15 വര്‍ഷം പിന്നിട്ടപ്പോഴാണ് പ്രതികളില്‍ ഒരാള്‍ ജയില്‍ മോചനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി ഗുജറാത്ത് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാറിനെ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചത്.