ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബോബൈ ഹൈക്കോടതി ഉത്തരവ് ശരിവെച്ച കോടതി ആരോപണങ്ങള്‍ ഗുരുതരമാണെന്നും നിരീക്ഷിച്ചു. സിബിഐ അന്വേഷണം സംസ്ഥാനത്തിന്‍റെ അധികാര പരിധിയെ ആക്രമിക്കുന്നതല്ല. ആരോപണങ്ങളുടെ സ്വഭാവവും ഉള്‍പ്പെട്ടവരേയും പരിഗണിച്ച ശേഷം കേസില്‍ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കൂടുതല്‍ ഇടപെടല്‍ നടത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് കിഷനും ഹേമന്ത് ഗുപ്തയും അടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കൂടുതല്‍ വായനയ്ക്ക്:-മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവച്ചു
സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയമിച്ച ശേഷവും അനില്‍ ദേശ്‌മുഖ് രാജിവച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിന് ശേഷമാണ് രാജിക്കത്ത് നല്‍കിയത്. അനില്‍ ദേശ്‌മുഖിനെതിരെ ആരോപണമുന്നയിച്ച മുംബൈ പൊലീസ് മുന്‍ കമ്മിഷണര്‍ പരംബിര്‍ സിങ് അദ്ദേഹത്തിന്‍റെ ശത്രുവായിരുന്നില്ലെന്നും വലംകൈയായിരുന്നെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിലേക്ക് നയിക്കേണ്ട യാതൊരു തെളിവുകളും അനില്‍ ദേശ്‌മുഖിനെതിരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് കോടതി സിബിഐ അന്വേഷണം തുടരാന്‍ അനുമതി നല്‍കിയത്.
പൊലീസുകാരെ ഉപയോഗിച്ച് മാസം 100 കോടി രൂപ വീതം പിരിയ്ക്കാന്‍ അനില്‍ ദേശ്‌മുഖ് നിര്‍ദേശം നല്‍കിയെന്നായിരുന്നു മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരംബിര്‍ സിങ്ങിന്‍റെ ആരോപണം. ഇതിലാണ് പ്രാഥമിക അന്വേഷണത്തിന് ബോംബൈ ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്.
കൂടുതല്‍ വായനയ്ക്ക്:-അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണം; സിബിഐ കേസെടുത്തു