ന്യൂഡല്‍ഹി: മുസ്‌ലിം വ്യക്തിനിയമപ്രകാരം അനുവദനീയമായ ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയുടെ നിയമസാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടന ബെഞ്ചിന് രൂപം നൽകും. ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്‌ത ഒട്ടേറെ ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.
നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ഭരണഘടന ബെഞ്ചിലെ രണ്ട് ജഡ്‌ജിമാര്‍ വിരമിച്ചു. ജസ്‌റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്‌തയുമാണ് വിരമിച്ചത്. ഈ സാഹചര്യത്തില്‍ പുതിയ ബെഞ്ച് രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അശ്വിനി ഉപാധ്യായ ചീഫ് ജസ്‌റ്റിസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചത്.
മുസ്‌ലിം പുരുഷന്മാർക്ക് നാല് വിവാഹം വരെ ചെയ്യാൻ അവസരം നൽകുന്നതിനെയാണ് ബഹുഭാര്യത്വത്തെ എതിർക്കുന്നവർ ചോദ്യം ചെയ്യുന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ മുസ്‌ലിം ദമ്പതിമാർ തമ്മിൽ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ അതിലെ വനിത പങ്കാളി മറ്റൊരാളെ നിക്കാഹ് ചെയ്‌ത് ബന്ധം വേർപ്പെടുത്തുന്ന ആചാരമാണ് നിക്കാഹ് ഹലാല.
കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍, വനിത കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2017-ൽ മുത്തലാഖ് നിരോധിച്ചെങ്കിലും ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നീ വിഷയങ്ങൾ അന്ന് പരിശോധിച്ചിരുന്നില്ല.