ന്യൂഡല്‍ഹി: രാജ്യത്തെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവന വേതന വ്യവസ്ഥകളില്‍ പൊതുമാനദണ്ഡം വേണമെന്ന നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ഇതിനായി രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും രണ്ട് ജഡ്‌ജുമാരടങ്ങിയ കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍റെ അടിസ്ഥാനത്തില്‍ ശമ്പളം, പെന്‍ഷന്‍ മറ്റ് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ എന്നിവ എങ്ങിനെ നടപ്പാവുന്നു എന്ന് നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനുമാണ് സമിതികള്‍.
രാജ്യത്തെ നിയമവാഴ്‌ചയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസം ഉയര്‍ത്താന്‍ സ്വതന്ത്ര നീതിന്യായ സംവിധാനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. "ഇതിന് ജഡ്‌ജുമാര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള വരുമാനം ഉറപ്പു വരുത്തണം. അതിനു തക്കതായ സേവന വേതന വ്യവസ്ഥകള്‍ നടപ്പാവണം. വിരമിച്ചതിനു ശേഷം അന്തസ്സുള്ള ജീവിതം ഉറപ്പു വരുത്തുന്നത് ജഡ്‌ജുമാരുടെ സര്‍വീസ് കാലത്തെ നിഷ്‌പക്ഷതയ്ക്ക് പരമ പ്രധാനമാണ്. സര്‍വീസ് കാലത്തും വിരമിച്ചതിനു ശേഷവും ആകര്‍ഷകമായ ജോലി മേഖലയായി ജുഡീഷ്യറി മാറണം. അങ്ങനെ വന്നാല്‍ ഈ മേഖലയിലേക്ക് മിടുക്കര്‍ കടന്നു വരുമെന്ന് " ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനേജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
എട്ടു വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ മേഖലയില്‍ ശമ്പള പരിഷ്‌കരണം നടന്നിട്ടില്ലെന്നത് ഖേദകരമാണെന്ന് ബെഞ്ച് വിലയിരുത്തി. വിരമിച്ച ജഡ്‌ജുമാരുടെയും ഫാമിലി പെന്‍ഷന്‍കാരുടേയുമൊക്കെ അപേക്ഷകള്‍ ദീര്‍ഘ കാലമായി തീര്‍പ്പാവാതെ കിടക്കുകയാണ്. ശമ്പളവും പെന്‍ഷനും അലവന്‍സുകളും പോലുള്ള കാര്യങ്ങളാണ് ദേശീയ ജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ പരിഗണിക്കുന്നതെന്നിരിക്കേ ജില്ലാ തലത്തില്‍ ജഡ്‌ജുമാരുടെ സേവന കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്ഥിരം സംവിധാനം അനിവാര്യമാണ്. ജുഡീഷ്യല്‍ പേ കമ്മീഷന്‍റെ ശുപാര്‍ശകള്‍ നടപ്പാവുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനു പുറമേ സേവന വ്യവസ്ഥകളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കലും സമിതിയുടെ ചുമതലയായിരിക്കും. കമ്മിറ്റി ഫോര്‍ സെര്‍വീസ് കണ്ടീഷന്‍സ് ഓഫ് ദി ഡിസ്ട്രിക്റ്റ് ജുഡീഷ്യറി (CSCDJ) എന്നറിയപ്പെടുന്ന സമിതിയിലേക്കുള്ള രണ്ടംഗങ്ങളെ ഹൈക്കോടതി ചീഫ് ജസ്റ്റിസാകും നാമനിര്‍ദേശം ചെയ്യുക. ഹൈക്കോടതി ജഡ്‌ജുമാരില്‍ നിന്നാണ് സമിതി അംഗങ്ങളെ നിശ്ചയിക്കുക. ഇവരിലൊരാള്‍ ജില്ലാ ജഡ്‌ജായോ നിയമ സെക്രട്ടറിയായോ പ്രവൃത്തിച്ച് പരിചയമുള്ളയാളാവണം. രണ്ടംഗങ്ങളില്‍ മുതിര്‍ന്ന അംഗമായിരിക്കും സമിതി ചെയര്‍മാന്‍. രജിസ്ട്രാര്‍ ജനറല്‍ എക്‌സ് ഒഫീഷ്യോ സെക്രട്ടറിയാകും. ജില്ലാ ജഡ്‌ജിയുടെ റാങ്കില്‍ കുറയാത്ത വിരമിച്ച ജുഡീഷ്യല്‍ ഓഫീസറെ പരാതി പരിഹാരത്തിനുള്ള നോഡല്‍ ഓഫീസറായും നിയോഗിക്കണം. ആവശ്യം വരികയാണെങ്കില്‍ സംസ്ഥാന ആഭ്യന്തര, ധനകാര്യ, ആരോഗ്യ, പേഴ്‌സണല്‍ കാര്യ സെക്രട്ടറിമാരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സമിതി ചെയര്‍മാന് അധികാരമുണ്ടാവും.
ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും വിരമിച്ചവരുടേയും നിലവിലുള്ള ശമ്പള കുടിശ്ശിക, പെന്‍ഷന്‍ കുടിശ്ശിക, എന്നിവ ഈ വര്‍ഷം ഫെബ്രുവരി 29 നകം കൊടുത്തു തീര്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം നാലിന് പുറപ്പെടുവിച്ച ഉത്തരവ് ഇന്നാണ് സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തത്.
Also read :നരേന്ദ്ര ധബോല്‍ക്കറുടെ കൊല; ബോംബെ ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി