ന്യൂഡല്‍ഹി : ദി കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുമ്പ് ചിത്രം കാണണമെന്നറിയിച്ച് സുപ്രീം കോടതി. കേരള സ്‌റ്റോറിക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയതും ചിത്രത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതുമായും ബന്ധപ്പെട്ടുള്ള ഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുമ്പ് വിവാദ ചിത്രം കാണേണ്ടതുണ്ടെന്നാണ് കോടതി അറിയിച്ചത്. അതേസമയം ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) അംഗീകാരം നല്‍കിയത് ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ ജൂലൈ രണ്ടാം വാരം പരിഗണിക്കുമെന്നും ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
'ഡിസ്‌ക്ലെയ്‌മര്‍' ഉടന്‍ വേണം : എന്നാല്‍ 32,000 സ്‌ത്രീകള്‍ ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്ന ആരോപണത്തില്‍ മെയ് 20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഡിസ്‌ക്ലെയ്‌മര്‍ രേഖപ്പെടുത്താനും കേരള സ്‌റ്റോറിയുടെ നിര്‍മാതാവിനോട് ജസ്‌റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു. മതപരിവർത്തനത്തിന്‍റെ കണക്കുകളെക്കുറിച്ച് ആധികാരികമായ രേഖയൊന്നുമില്ലെന്നും സിനിമ ഒരു സാങ്കല്‍പ്പിക പതിപ്പാണെന്നും ഡിസ്‌ക്ലെയ്‌മറിലൂടെ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
വിലക്കേര്‍പ്പെടുത്തിയതിന് സ്‌റ്റേ : ചിത്രത്തിന് പശ്ചിമ ബംഗാളില്‍ വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി സ്‌റ്റേ ചെയ്‌തു. സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗീകാരം നൽകിയതിനാൽ ക്രമസമാധാനം നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്‍റെ കടമയാണെന്ന് ബഞ്ച് അറിയിച്ചു. മോശം സിനിമകൾ ബോക്‌സ് ഓഫിസുകളില്‍ തകരും. പൊതു അസഹിഷ്ണുതയ്ക്ക് മുൻതൂക്കം നൽകാൻ നിയമവ്യവസ്ഥ ഉപയോഗിക്കാനാവില്ല. അല്ലാത്തപക്ഷം എല്ലാസിനിമകളും ഇതുപോലെ എത്തുമെന്നും ബഞ്ച് വ്യക്തമാക്കി.
ചിത്രത്തിന് തമിഴ്‌നാട്ടിൽ നിരോധനമില്ലെന്ന വാദം രേഖപ്പെടുത്തിയ കോടതി, സിനിമാക്കാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. 'വ്യാജ വിദ്വേഷ പ്രചരണം' നടത്തിയെന്നാരോപിച്ചാണ് പശ്ചിമ ബംഗാള്‍ കേരള സ്‌റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ചിത്രം നിരോധിച്ച ഏക സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.
വിവാദങ്ങളുടെ 'കേരള സ്‌റ്റോറി': ആദ ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ഇക്കഴിഞ്ഞ മെയ് അഞ്ചിന് ബോക്‌സ് ഓഫിസുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ദി കേരള സ്‌റ്റോറി'. വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കേരള സ്‌റ്റോറി പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നിർമാണം, ക്രിയേറ്റീവ് ഡയറക്ഷന്‍, ഗാനരചന എന്നിവ നിര്‍വഹിച്ചിരിക്കുന്നത് വിപുൽ അമൃത്‌ലാൽ ഷായാണ്.
കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്‌ത്രീകള്‍ ഐസ്‌ഐസ് തീവ്രവാദ ക്യാമ്പുകളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടുവെന്നതിന് പിന്നിലെ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. എന്നാല്‍ ഇതവകാശപ്പെട്ടുള്ള ട്രെയിലർ പുറത്തുവന്നതോടെ വലിയ വിവാദങ്ങളും ഉയര്‍ന്നു. തുടര്‍ന്ന് 32,000 അല്ല മറിച്ച് ഐസ്‌ഐസ് ക്യാമ്പുകളിലേക്ക് കടത്തപ്പെടുന്ന മൂന്ന് സ്ത്രീകളുടെ ദുരനുഭവമാണ് ചിത്രം പറയുന്നതെന്നറിയിച്ച് നിർമാതാക്കൾ പിന്നീട് ഇത് തിരുത്തിയിരുന്നു. ഇതോടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതിയും നല്‍കി.