ന്യൂഡൽഹി: പാൽഘർ ആൾക്കൂട്ടക്കൊലപാതകത്തിൽ പൊലീസ് സമർപ്പിച്ച രണ്ടാം കുറ്റപത്രം സമർപ്പിക്കാൻ മഹാരാഷ്ട്ര സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം. രണ്ടാം അനുബന്ധ കുറ്റപത്രം തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന മഹാരാഷ്‌ട്ര സർക്കാരിന്‍റെ വാദത്തിൻ മേലാണ് നടപടി. തുടർന്ന് ബെഞ്ച് വാദം രണ്ടാഴ്‌ചത്തേക്ക് മാറ്റിവച്ചു. കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് അശോക് ഭൂഷന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേട്ടത്.
ആൾക്കുട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണമോ കോടതി നിർദേശിക്കുന്ന പ്രത്യേക സംഘത്തിന്‍റെ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ എതിർത്ത് സർക്കാർ കഴിഞ്ഞ വർഷം സെപ്‌റ്റംബർ ഏഴിന് രംഗത്തെത്തിയിരുന്നു.അന്വേഷണം പൂർത്തിയായെന്നും സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായുമാണ് സർക്കാർ അന്ന് സുപ്രീം കോടതിയെ അറിയിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ 16നായിരുന്നു കേസിനാസ്‌പദമായ സംഭവം. ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി മുംബൈയിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെ ആൾക്കുട്ടം വണ്ടി തടഞ്ഞ് നിർത്തി പൊലിസിന്‍റെ സാന്നിധ്യത്തിൽ മർധിച്ച് കൊലപ്പെടുത്തുകയായിരുന്നു.