ന്യൂഡല്‍ഹി : അലോപ്പതിക്കെതിരായ പ്രസ്‌താവനകളുടെ പേരിൽ, ബാബ രാംദേവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ചൊവ്വാഴ്‌ചയാണ് കോടതി ഇതുസംബന്ധിച്ച്, രാംദേവിനെതിരായ പരാമര്‍ശം നടത്തിയത്. ഇത്തരത്തിലുള്ള സംസാരം മേലില്‍ ഉണ്ടാവരുതെന്നും സുപ്രീം കോടതി അദ്ദേഹത്തിന് താക്കീത് നല്‍കി.
ബാബ രാം ദേവിന്‍റെ യോഗയുമായി ബന്ധപ്പെട്ടുള്ള ചികിത്സയുടെ ആധികാരികത സംബന്ധിച്ചും കോടതി, വാദത്തിനിടെ സംശയം പ്രകടിപ്പിക്കുകയുണ്ടായി. കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പിനും ആധുനിക വൈദ്യശാസ്‌ത്രത്തിനും എതിരായ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അമർജീത് സിങ് മുഖേന സമർപ്പിച്ച ഹർജി, ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് പരിഗണിച്ചത്.
രാംദേവും അദ്ദേഹത്തിന്‍റെ പേറ്റന്‍റ് ബ്രാൻഡായ പതഞ്ജലിയും ആയുർവേദമെന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതായും ഐഎംഎ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മഹാമാരി രാജ്യത്ത് ബാധിച്ചതിന് ശേഷം ആയുർവേദമെന്ന പേരില്‍ 804 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ രാം ദേവ് പ്രചരിച്ചിട്ടുണ്ടെന്നും ആയുഷ് മന്ത്രാലയത്തിന് അത് നന്നായി അറിയാമെന്നും ഐഎംഎയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രഭാസ് ബജാജ് കോടതിയെ അറിയിച്ചു.