തക്കാളിയും അരിയും അടക്കമുള്ളവയുടെ വിലക്കയറ്റത്തിന് പിന്നാലെ രാജ്യം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളിയാണ് പഞ്ചസാരയുടെ ലഭ്യത. ഇന്ത്യയിലെ പ്രധാന കരിമ്പ് ഉത്‌പാദന പ്രദേശങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിയ്‌ക്ക് കാരണം. ഇതോടെയാണ് മറ്റിടങ്ങളിലേക്കുള്ള പഞ്ചസാരയുടെ കയറ്റുമതിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് (Sugar Export Ban in India)
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ കരിമ്പ് കൃഷി (Sugarcane Farming In India) കൂടുതലുള്ള കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ സാധാരണ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴയില്‍ 50 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മഹാരാഷ്‌ട്രയില്‍ ഉത്‌പാദിപ്പിക്കുന്ന കരിമ്പില്‍ 14 ശതമാനമാണ് ഇക്കൊല്ലം കുറവുണ്ടായത്.
ഇന്ത്യന്‍ മണ്‍സൂണും ബിപര്‍ജോയ് ചുഴലിക്കാറ്റുമാണ് ഇക്കുറി ഇന്ത്യയിലെ കരിമ്പ് കൃഷിയെ പ്രതികൂലമായി ബാധിച്ചത്. പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സാമ്പത്തിക ലാഭവും ഉണ്ടാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പഞ്ചസാരയുടെ വിലയില്‍ 30 ശതമാനമാണ് വില വര്‍ധിച്ചത്.
ആഗോള വിപണിയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ മറ്റൊരു പ്രധാന കരിമ്പ് ഉത്‌പാദന രാജ്യമായ ബ്രസീലിലെ സ്ഥിതി പരിശോധിച്ചാല്‍ മതി. ബ്രസീലില്‍ അനുകൂല കാലാവസ്ഥ കാരണം പഞ്ചസാരയുടെ ഉത്‌പാദനത്തില്‍ ഇത്തവണ 6.5 ശതമാനം വര്‍ധനവാണ് യുഎസ്‌ഡിഎ (United States Department of Agriculture) റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. എന്നാല്‍ ബ്രസിലീല്‍ നിന്നും അന്താരാഷ്‌ട്ര വിപണികളിലേക്ക് എത്രയധികം പഞ്ചസാര എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം ബ്രസീലില്‍ ഉത്‌പാദിക്കുന്ന പഞ്ചസാരയില്‍ മിച്ചം വരുന്നവ ജൈവ ഇന്ധനം, എത്തനോള്‍ എന്നിവയുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുവെന്നതാണ്.
ജി20 ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ആഗോള ജൈവ ഇന്ധന സഖ്യത്തോടുള്ള (Global Biofuel Alliance) ബ്രസിലീന്‍റെ സമീപനം ജൈവ ഇന്ധന വ്യവസായത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗത അന്താരാഷ്‌ട്ര ഉപഭോക്താക്കള്‍ക്ക് പുറമെ റഷ്യ, ഇറാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും ബ്രസീല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പഞ്ചസാരയുടെ കയറ്റുമതി നിരോധനം ബ്രസീലിന് ഏറെ ഗുണകരമാകും.
ഇന്ത്യക്ക് പുറമെ തായ്‌ലന്‍ഡിലും ഇത്തവണ പഞ്ചസാര ഉത്‌പാദനത്തില്‍ (Sugar Production Challenges In India) വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ വിപണിയില്‍ ബ്രസീല്‍ പഞ്ചസാരയുടെ ആവശ്യകത വര്‍ധിച്ച് വരികയാണ്. വിപണിയില്‍ പഞ്ചസാരയുടെ ആവശ്യകത വര്‍ധിക്കുന്നത് വില്‍പ്പനക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ പഞ്ചസാര നിരോധനം (Indian Sugar Ban): പഞ്ചസാര ഉത്‌പാദനത്തില്‍ കുറവുണ്ടായതോടെ രാജ്യത്ത് പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെ രാജ്യം അഭിമുഖീകരിച്ച തക്കാളി പ്രതിസന്ധി കാരണം ജനങ്ങള്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. തക്കാളി പ്രതിസന്ധിക്ക് പിന്നാലെ വീണ്ടുമൊരു പ്രതിസന്ധി കൂടി തങ്ങാന്‍ സര്‍ക്കാറിന് കഴിവില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ വിദേശ നാണ്യ ശേഖരം നഷ്‌ടപ്പെടുന്നത് രാജ്യം നേരിടാന്‍ പോകുന്ന മറ്റൊരു പ്രയാസമാണ്. തക്കാളി പ്രതിസന്ധിക്ക് പിന്നാലെ ഉത്‌പാദനം വര്‍ധിച്ചതോടെ വീണ്ടും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നിലവില്‍ തക്കാളി 4 മുതല്‍ 5 രൂപ വരെയാണ് വില ലഭിക്കുന്നത്.
കരിമ്പ് ഉത്‌പാദനത്തിലുണ്ടായ ഇത്തരം ഏറ്റക്കുറച്ചിലുകള്‍ രാജ്യത്ത് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. അത്തരം പ്രയാസങ്ങള്‍ നേരിടാതിരിക്കാനായി സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ നടപ്പാക്കിയിട്ടുമുണ്ട്. ചില്ലറ വ്യാപാരികള്‍, വ്യാപാരികള്‍, മൊത്തക്കച്ചവടക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്ഥാപനങ്ങളിലെ സ്റ്റോക്കിങ് പരിധിയെ കുറിച്ച് വിവരം നല്‍കണം. തങ്ങളുടെ സ്ഥാപനത്തിലെ സ്റ്റോക്കിനെ കുറിച്ച് എല്ലാ തിങ്കളാഴ്‌ചകളിലും സര്‍ക്കാര്‍ പോര്‍ട്ടില്‍ റിപ്പോര്‍ട്ട് നല്‍കണം. പൂഴ്‌ത്തി വയ്‌പ്പ് ചെറുക്കുന്നതിനും പഞ്ചസാര വിപണിയലെ അശാസ്‌ത്രീയമായ ഊഹക്കച്ചവടം ചെറുക്കുന്നതിനുമായാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചാലും മറ്റ് രണ്ട് പ്രശ്‌നങ്ങള്‍ കൂടി അഭിമുഖീകരിക്കേണ്ടി വരും. അതിലൊന്ന് ആഭ്യന്തര പ്രശ്‌നവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് അന്താരാഷ്‌ട്ര കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതുമാണ്. രാജ്യം നേരിടാന്‍ പോകുന്ന അന്താരാഷ്‌ട്ര കാര്‍ഷിക മേഖലയിലെ പ്രശ്‌നം എന്തെന്നൈാല്‍ നിലവില്‍ ആഗോള ജൈവ ഇന്ധന സഖ്യത്തിലുള്ള രാജ്യമാണ് ഇന്ത്യയെന്നത് തന്നെയാണ്. ആഗോള ജൈവ ഇന്ധന സഖ്യത്തിലെ ഈ സ്ഥാനം നിലനിര്‍ത്താന്‍ രാജ്യത്തിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജൈവ ഇന്ധന വ്യവസായം ഉണ്ടായിരിക്കണം എന്നതാണ്. പഞ്ചസാരയുടെ ഇത്തരത്തിലുള്ള ഉത്‌പാദനവും വിതരണവുമെല്ലാം ഇത്തരം വ്യവസായത്തെ താറുമാറാക്കും. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ ഇത്തരം വ്യവസായത്തിലെ നിക്ഷേപകരുടെ താത്‌പര്യം നിഷ്‌ടപ്പെടുത്തിയേക്കാം. ഇന്ത്യയില്‍ കരിമ്പ് അധിഷ്‌ഠിത എത്തനോള്‍ വ്യവസായം അത്യാവശ്യമാണ്. കരിമ്പ് ഉത്‌പാദനത്തിലുണ്ടായ നിലവിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അത് എത്തനോള്‍ ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ഭാവിയില്‍ രാഷ്‌ട്രീയ തീരുമാനങ്ങള്‍ വിധമാകുകയും ചെയ്യും.
രാജ്യം നേരിടാന്‍ പോകുന്ന മറ്റൊരു പ്രതിസന്ധി കരിമ്പ് ഉത്‌പാദനത്തില്‍ കുറവ് വരുന്നത് കര്‍ഷകര്‍ക്ക് ഏറെ തിരിച്ചടിയാകും. ഇന്ത്യയിലെ വരുമാനത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഒന്നാണ് കരിമ്പ് വ്യവസായം. കരിമ്പ് ഉത്‌പാദനത്തിലെ കുറവും പെട്രോള്‍ അടക്കമുള്ള മറ്റ് അവശ്യ വസ്‌തുക്കളുടെ വില വര്‍ധനയും ജനങ്ങളെ കൂടുതല്‍ വലയ്‌ക്കും. രാജ്യത്തെ പണപ്പെരുപ്പം ഉയരുന്നതും വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ പണപ്പെരുപ്പം. ഭക്ഷ്യ വസ്‌തുക്കളുടെ വിലക്കയറ്റതില്‍ 1.5 ശതമാനമാണ് വര്‍ധനയുണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യാമായാണ് ഭക്ഷ്യ വസ്‌തുക്കളുടെ വില ഇത്രയധികം വര്‍ധിക്കുന്നത്. അടുത്ത തവണയും പഞ്ചസാര ഉത്‌പാദനത്തില്‍ 3.3 ശതമാനം കുറവുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ സര്‍ക്കാരും ജനങ്ങളും നേരിടുന്ന വലിയ പ്രയാസമാണ്. പഞ്ചസാര പ്രതിസന്ധിക്കെതിരെ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് നീങ്ങേണ്ടതായിട്ടുണ്ട്.