ഉഡുപ്പി (കര്‍ണാടക): നടുറോഡില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച മൂവര്‍ സംഘമാണ് നടുറോഡില്‍ തല്ലുണ്ടാക്കിയത്. കര്‍ണാടക പദുബിദ്രിയിലാണ് സംഭവം.
യുവതിയും രണ്ട് യുവാക്കളും ഉള്‍പ്പെടുന്ന മൂവര്‍ സംഘം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു. ഇന്ധനം തീര്‍ന്നതോടെ സ്‌കൂട്ടർ നടുറോഡില്‍ നിര്‍ത്തി. തുടര്‍ന്ന് ഇവർക്കിടയില്‍ വാഗ്വാദമുണ്ടാകുകയും ഇത് കയ്യേറ്റത്തിലേക്ക് വഴിമാറുകയുമായിരുന്നു.
മൂവര്‍ സംഘം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസും നാട്ടുകാരും പറയുന്നത്. യുവാക്കളിലൊരാള്‍ക്ക് മേല്‍വസ്‌ത്രമുണ്ടായിരുന്നില്ല. വഴക്ക് അതിരുകടന്നതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തി.
മൂവരേയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ ഇവര്‍ പൊലീസിന് നേരെയും കയര്‍ത്തു. ആംബുലന്‍സില്‍ കയറാന്‍ വിസമ്മതിച്ച യുവാക്കളിലൊരാളെ ബലമായാണ് കയറ്റിയത്. തുടര്‍ന്ന് വൈദ്യ പരിശോധനക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയിലെത്തിയ ശേഷവും സംഘം ബഹളം തുടരുകയായിരുന്നു. കര്‍ണാടകയിലെ സ്വകാര്യ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇവരെന്നാണ് പൊലീസിന് നല്‍കിയ മൊഴി.