ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്കില്‍ വര്‍ധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. നിലവിലെ രോഗമുക്തി നിരക്ക് 93.1 ശതമാനമാണ്. 377 ജില്ലകളില്‍ നിലവില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിനം നൂറിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നുണ്ട്. നിലവില്‍ 257 ജില്ലകളിലാണ് പ്രതിദിനം നൂറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
മുതിര്‍ന്ന പൗരന്മാരില്‍ അറുപത് ശതമാനത്തിലധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു ഡോസ് കോവിഡ് ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ 17.2 കോടി വരുമെന്ന് നിതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. വാക്‌സിൻ്റെ ആദ്യ ഡോസ് നല്‍കിയവരുടെ എണ്ണത്തില്‍ അമേരിക്കയെ ഇന്ത്യ മറികടന്നെന്നും അദ്ദേഹം അറിയിച്ചു.
Read more: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 22 കോടി കടന്നതായി കേന്ദ്രം
കേന്ദ്ര ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 1,32,364 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,85,74,350 ആയി. 2713 കൊവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 3,40,702 ആയി.