നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ ആറ് വരെ നടത്തിയ വ്യാപക റെയ്‌ഡിൽ പിടിച്ചെടുത്തത് 947.98 കോടി രൂപ. പണം, വിലപിടിപ്പുള്ള വസ്തുക്കൾ, മദ്യം, മയക്കുമരുന്ന് എന്നീ രൂപത്തിൽ പിടിച്ചെടുത്തവയുടെ മൂല്യം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത 225.77കോടി രൂപയെക്കാൾ 4.198 മടങ്ങ് കൂടുതലാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പൂർണവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് ഊന്നൽ നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടികൾക്ക് വിരുദ്ധമാണ് ഈ കണക്കുകൾ എന്നത് വൈരുധ്യാത്മകമാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കള്ളക്കടത്ത് ഒഴിവാക്കാൻ പ്രത്യേക നിരീക്ഷണസംഘത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയിരുന്നു. വ്യക്തികളുടെയും വാഹനങ്ങളുടെയും ചലനം പരിശോധിക്കുന്നതിനായി മൊത്തം 4606 ഫ്ലൈയിങ് സ്ക്വാഡുകളും (എഫ്എസ്) 4670 സ്റ്റാറ്റിക് നിരീക്ഷണ ടീമുകളും (എസ്എസ്ടി) പ്രവർത്തിച്ചു. അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ സ്റ്റേഷനുകളിൽ ഐടി വകുപ്പിന്‍റെ മൊത്തം 19 എയർ ഇന്‍റലിജൻസ് യൂണിറ്റുകൾ (എ.ഐ.യു) സജ്ജീകരിച്ചിരുന്നു.
കേരളത്തിൽ നിന്ന് മാത്രം പിടിച്ചെടുത്തത് 82.84 കോടി രൂപയാണ്. 49.21 കോടി രൂപ വിലമതിക്കുന്ന സ്വർണവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന് കടത്തും സംസ്ഥാനത്ത് വ്യാപകമായി നടന്നിരുന്നു. 4.05 കോടി വിലമതിക്കുന്ന 812.01 കിലോ മയക്കുമരുന്നാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം മയക്കുമരുന്ന് വ്യാപകമായി കണ്ടെത്തിയത് പശ്ചിമ ബംഗാളിൽ നിന്നാണ്. 115 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കടത്ത് സംസ്ഥാനത്ത് നടന്നിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ ഇതുവരെ പിടിച്ചെടുത്തത് 263.15 കോടി രൂപയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 44.33 കോടി രൂപയായിരുന്നു. ഇതിൽ 40.27 കോടി രൂപ കണക്കാക്കാത്ത പണമായും 10.28 കോടി രൂപ സ്വർണം തുടങ്ങിയ വിലമതിപ്പുള്ള വസ്തുക്കളായും 115.89 കോടി രൂപ കഞ്ചാവ് ഉൾപ്പെടെയുള്ളവയുമാണ്. 1935455 ലിറ്റർ മദ്യവും സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 130.99 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ 445.81 കോടി രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി പിടിച്ചെടുത്തത്. 2021ൽ 236.51 കോടി രൂപയുടെ കണക്കില്ലാത്ത പണം തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തു. 176.22 കോടി രൂപ വിലവരുന്ന ലോഹ വസ്തുക്കൾ. 25.64 കോടി രൂപ വിലവരുന്ന 289618 ലിറ്റർ മദ്യവും സംസ്ഥാനത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അസമിൽ നിന്ന് മൊത്തം 119.29 കോടി രൂപയാണ് പിടിച്ചെടുത്തത്. പുതുച്ചേരിയിൽ നടത്തിയ തെരച്ചിലിൽ 36.89 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 7.74 കോടി രൂപയായിരുന്നു. അനധികൃത സ്വർണക്കടത്ത് നടന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്. പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്താണ്.