ശ്രീനഗർ: ശ്രീനഗറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാല് സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ശ്രീനഗറിലെ പാന്ത ചൗക്ക് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അതേസമയം കൊല്ലപ്പെട്ട തീവ്രവാദികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം മഹാരാഷ്‌ട്രയിൽ; മരിച്ചത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ
പാന്ത ചൗക്കിലെ ഗോമന്ദർ മൊഹല്ലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസും അർധസൈനിക സേനാംഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയുമായിരുന്നു. തെരച്ചിലിനിടെ ഒരു വീട്ടിൽ ഒളിച്ചിരുന്ന തീവ്രവാദികൾ ഓടി രക്ഷപ്പെടാനുള്ള വിഫലശ്രമത്തിൽ സുരക്ഷ സേനയുടെ നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു.
വീട്ടിൽ ഒളിച്ചിരുന്ന മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. നിലവിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ താഴ്‌വരയിൽ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്.
ദക്ഷിണ കശ്മീരിൽ രണ്ട് വെടിവയ്പ്പുകൾ നടന്ന് ഏകദേശം 48 മണിക്കൂറിന് ശേഷമാണ് പാന്ത ചൗക്ക് മേഖലയിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. ദക്ഷിണ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.