അമരാവതി: സ്‌നേഹത്തിന് അതിരുകളില്ല എന്നാണ് പൊതുവെ പറയുന്നത്. ഇത് തെളിയിക്കുന്ന ഒട്ടനവധി വാര്‍ത്തകളും നമ്മള്‍ അടുത്തിടെയായി കണ്ടിരുന്നു. ഫേസ്ബുക്ക് പ്രണയവും പ്രിയപ്പെട്ടവരെ തേടി രാജ്യാതിര്‍ത്തികള്‍ കടന്നുള്ള യാത്രകളും കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ഏറെ ചര്‍ച്ചയായതാണ്. ആ പട്ടികയില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍-ശ്രീലങ്കന്‍ ഫേസ്‌ബുക്ക് പ്രണയകഥ.
ശ്രീലങ്കന്‍ സ്വദേശിയായ വിഗ്‌നേശ്വരിയാണ് താന്‍ പ്രണയിച്ചിരുന്ന ആന്ധ്രാപ്രദേശ് ചിറ്റൂര്‍ സ്വദേശിയായ ലക്ഷ്‌മണെ തേടി ഇന്ത്യയിലേക്ക് വന്നത്. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് ടൂറിസ്റ്റ് വിസയിലായിരുന്നു വിഗ്‌നേശ്വരി ലങ്കയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയത്. ഇന്ത്യയില്‍ തന്നെ തേടിയെത്തിയ വിഗ്‌നേശ്വരിയെ തന്‍റെ വീട്ടിലേക്കും ലക്ഷ്‌മണ്‍ കൂട്ടിക്കൊണ്ട് പോയിരുന്നു.
തുടര്‍ന്ന്, ഇക്കഴിഞ്ഞ ജുലൈ 20ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വെങ്കടഗിരിക്കോട്ടയിലെ സായി ബാബ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍, മൂന്ന് ദിവസം മുന്‍പാണ് വിദേശ വനിതയുടെ വിവാഹം ഇന്ത്യയില്‍ വച്ച് നടന്ന വിവരം ജില്ല അധികൃതര്‍ അറിയുന്നത്.
ഇതിന് പിന്നാലെ, ഇവര്‍ ദമ്പതികളുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് സൂപ്രണ്ട് വൈ. റിശാന്ത് റെഡ്ഡി ദമ്പതികളുമായി കൂടിക്കാഴ്‌ച നടത്തി. ടൂറിസ്റ്റ് വിസ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് ആറിന് വിഗ്‌നേശ്വരിയോട് ശ്രീലങ്കയിലേക്ക് മടങ്ങണമെന്ന് ചൂണ്ടിക്കാട്ടിയുള്ള നോട്ടിസും പൊലീസ് നല്‍കിയിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ ആയിരുന്നു വിഗ്‌നേശ്വരിയും ലക്ഷ്‌മണും പരിചയപ്പെടുന്നത്. ഇരുവരും ഏഴ് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
നസ്‌റുള്ളയുടെ ഫാത്തിമ : ഫേസ്‌ബുക്കിലൂടെ പ്രണയത്തിലായ യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശിയായ യുവതി മതം മാറിയ ശേഷം വിവാഹിതയായി. പാകിസ്ഥാനിലെ വിദൂര ഗ്രാമത്തിലേക്ക് കാമുകനെ തേടിപ്പോയ രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ അഞ്ജു (34) എന്ന യുവതിയാണ് ഇസ്‌ലാം മതം സ്വീകരിച്ചതിന് പിന്നാലെ വിവാഹിതയായത്. പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ അപ്പർ ദിർ ജില്ല സ്വദേശി 29കാരനായ നസ്‌റുള്ളയെ വിവാഹം കഴിച്ച യുവതി ഫാത്തിമ എന്ന പേരും സ്വീകരിച്ചിരുന്നു.
ജില്ല സെഷൻസ് കോടതിയിൽ കനത്ത സുരക്ഷ വലയത്തിലായിരുന്നു ഇരുവരുടെയും വിവാഹം. നവദമ്പതികള്‍ വിവാഹ ശേഷം ഭര്‍തൃവീട്ടിലേക്കായിരുന്നു മടങ്ങിയത്. 2019ലായിരുന്നു ഇരുവരും ഫേസ്‌ബുക്കിലൂടെ പരിചയത്തിലാകുന്നത്.
വിവാഹം ഇങ്ങനെ: നസ്‌റുള്ളയുടെയും അഞ്ജുവിന്‍റെയും വിവാഹം ജൂലൈ 25നായിരുന്നു നടന്നത്. ഇസ്‌ലാം മത ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചടങ്ങില്‍ നസ്‌റുള്ളയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അപ്പർ ദിറിലെ കോടതിയിൽ ഹാജരായ ഇരുവരുടെയും വിവാഹം മലാകണ്ഡ് ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ നാസിർ മെഹ്മൂദ് സട്ടി സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. സ്വന്തം താത്‌പര്യപ്രകാരമാണ് ഇരുവരും നിക്കാഹിനുള്ള കടലാസില്‍ ഒപ്പിട്ടത് എന്ന ഇരുവരുടെയും മൊഴിയും കോടതി രേഖപ്പെടുത്തി. തന്‍റെ സ്വന്തം ഇഷ്‌ടപ്രകാരമാണ് യുവതി രാജസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേക്ക് എത്തിയതെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.