ന്യൂഡല്‍ഹി : രാജികളോ നേതൃമാറ്റമോ ഇല്ല, കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗശേഷം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തകസമിതി ഗാന്ധി കുടുംബത്തിലും, സോണിയയിലും പൂര്‍ണ വിശ്വാസം രേഖപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയേയും അണികളേയും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ഒരുക്കും. നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കാന്‍ ഒരു മാസത്തിനകം ചിന്തന്‍ ശിബിര്‍ ചേരും. അതിന് മുമ്പ് നേതൃയോഗം വീണ്ടും ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്തന്‍ ശിബിര്‍ രാജസ്ഥാനില്‍ സംഘടിപ്പിക്കണമെന്ന് ഗെഹലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞുപോയ ഫലങ്ങളേക്കാള്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നത് വരാനിരിക്കുന്ന ഫലങ്ങളാണെന്ന് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദമായ ചർച്ച നടത്തി. കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എങ്ങനെ തയ്യാറെടുക്കാമെന്നും ചർച്ച ചെയ്‌തെന്നും അദ്ദേഹം വിശദീകരിച്ചു.
Aso Read: 'ഗാന്ധി കുടുംബം പ്രധാനപ്പെട്ടത്'; രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് അശോക് ഗെലോട്ട്
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പി ചിദംബരം, നവജ്യോത് സിങ് സിദ്ദു തുടങ്ങിയവര്‍ പങ്കെടുത്തു. സോണിയ ഗാന്ധി പ്രചാരണങ്ങള്‍ക്ക് ഇറങ്ങുന്നില്ല. രാഹുലും പ്രിയങ്കയുമാണ് നിലവില്‍ പാര്‍ട്ടിക്കായി റാലികളില്‍ പങ്കെടുക്കുന്നത്. സഹോദരങ്ങള്‍ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി.
ജി-23 വിഭാഗം നേതൃമാറ്റം അടക്കം ആവശ്യപ്പെടുമെന്ന് സൂചനകളുണ്ടായിരുന്നു. അതിനിടെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്ത് എത്തി. നെഹറു കുടുംബത്തില്‍ നിന്ന് അധികാരം മാറ്റരുതെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് എത്തുകയും ചെയ്‌തിരുന്നു.