ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവൻ പീഡിപ്പിച്ചതായി ആരോപിച്ച് യുവതിയുടെ പരാതി. ജോലിയുടേയും വിവാഹത്തിന്‍റേയും പേരിൽ മാധവൻ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ജനുവരി 21 ന് ഉത്തംനഗർ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിൽ മാധവനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. അതേ സമയം യുവതിയെ തനിക്ക് അറിയാമെന്നും എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്‌തവ വിരുദ്ധമാണെന്നും മാധവൻ പറഞ്ഞു. പൊലീസിൽ വിശ്വാസം നഷ്‌ടപ്പെട്ട സാഹചര്യത്തിൽ യുവതി വീഡിയോയിലൂടെ സാധാരണക്കാരിൽ നിന്നും സഹായം അഭ്യർഥിച്ചു.
വിവാഹത്തിന്‍റെ പേരിൽ മാധവൻ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്‌ഥർ പ്രതിയെ സംരക്ഷിക്കുകയാണെന്നും യുവതി പറഞ്ഞു. മാത്രമല്ല കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതും കുറ്റപത്രം സമർപ്പിച്ചതും തന്നെ അറിയിച്ചില്ലെന്നും എഫ്ഐആർ പിൻവലിക്കാനായി അഭിഭാഷകനിൽ നിന്നും ഭീഷണി നേരിട്ടതായും യുവതി വീഡിയോയിലൂടെ അറിയിച്ചു.
യുവതിയുടെ ഭർത്താവ് കോൺഗ്രസ് ഓഫീസിൽ ജോലിചെയ്‌തിരുന്ന വ്യക്തിയാണ്. രണ്ട് വർഷം മുൻപാണ് മരണപ്പെട്ടത്. തുടർന്ന് താൻ സോണിയയുടെ പേഴ്‌സണല്‍ അസിസ്റ്റന്‍റിനെ സമീപിച്ച് ജോലി തേടിയെന്നും തെറ്റായ പ്രതീക്ഷകൾ നൽകി ബലാത്സംഗം ചെയ്തെന്നും യുവതി എഫ്ഐആറിൽ പറഞ്ഞിരുന്നു.