ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ആർക്കും പിന്തുണ നൽകുന്നില്ലെന്ന് വ്യക്‌തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് സോണിയ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് നിഷ്‌പക്ഷമായിരിക്കുമെന്നും സോണിയ ഗാന്ധി വ്യക്‌തമാക്കിയതായി കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സോണിയ ഗെഹ്‌ലോട്ട് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ശശി തരൂരും മത്സര രംഗത്തേക്കുണ്ടെന്ന സുചന നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ച(19.09.2022) തരൂർ സോണിയ ഗാന്ധിയെ കാണുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനാൽ തന്നെ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനാണ് സാധ്യതകൾ തെളിയുന്നത്.
രാഹുൽ ഗാന്ധി അധികാരമേറ്റ 2017 നും 2019 നും ഇടയിലുള്ള രണ്ട് വർഷം ഒഴികെ 1998 മുതൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷയായത് സോണിയയാണ്. അതിനാൽ തന്നെ പതിറ്റാണ്ടുകൾക്ക് ശേഷം സോണിയ ഗാന്ധിയ്‌ക്ക് പകരം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന ഈ തെരഞ്ഞെടുപ്പ് ചരിത്രപരമാകുമെന്നത് ഉറപ്പാണ്.
2000ൽ നടന്ന തെരഞ്ഞെടുപ്പിൽ സോണിയയോട് ജിതേന്ദ്ര പ്രസാദ പരാജയപ്പെട്ടിരുന്നു. ഇതിന് മുൻപ് 1997ൽ നടന്ന തെരഞ്ഞെടുപ്പിൽ സീതാറാം കേസരി ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയും പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഉണ്ടാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പിച്ചു പറഞ്ഞതിനാൽ 2000 ലെ മത്സരത്തേക്കാൾ ശക്തമായ മത്സരമായിരിക്കും ഇത്തവണ നടക്കുക.
ALSO READ: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി ഗെഹ്‌ലോട്ട്
സെപ്‌റ്റംബർ 24 മുതൽ 30 വരെയാണ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി. ഒക്‌ടോബർ ഒന്നിന് നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. ഒക്‌ടോബർ എട്ട് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഒക്‌ടോബർ 17ന് തെരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്‌ടോബർ 19ന് നടക്കും.