ഹിസാർ (ഹരിയാന): അന്തരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ടിന്‍റെ കൊലപാതക കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ അടങ്ങിയ രണ്ട് കത്തുകൾ ലഭിച്ചതായി കുടുംബാംഗങ്ങൾ. അജ്ഞാത വ്യക്തിയാണ് കത്തുകൾ അയച്ചത്. സൊണാലി ഫോഗട്ട് കൊലക്കേസിൽ 10 കോടി രൂപയുടെ ഇടപാട് നടന്നതായി ആദ്യത്തെ കത്തിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ നേതാക്കളുടെ പേരുകളാണ് രണ്ടാമത്തെ കത്തിൽ പരാമർശിച്ചിരിക്കുന്നത്. ഒരു മാസം മുൻപാണ് ആദ്യ കത്ത് ലഭിച്ചത്. ആദ്യ കത്ത് ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കത്ത് ലഭിച്ചത്. രണ്ട് കത്തിലും അന്വേഷണം വേണമെന്ന് സൊണാലിയുടെ ഭർത്തൃസഹോദരൻ അമൻ പൂനിയ പറയുന്നു.
സൊണാലിയുടെ സഹോദരി രുകേഷ് ആദംപൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ആം ആദ്‌മി പാർട്ടിയുമായി യാതൊരു ബന്ധവും തങ്ങൾക്കില്ലെന്നും അമൻ അറിയിച്ചു.
സൊണാലിയെ കൊലപ്പെടുത്തിയത് ബിജെപി നേതാവ് കുൽദീപ് ബിഷ്‌ണോയ് ആണെന്ന് സഹോദരൻ റിങ്കു നേരത്തെ ആരോപിച്ചിരുന്നു. ഹിസാറിൽ വച്ചുനടന്ന സർവ് ഖാപ് മഹാപഞ്ചായത്തിൽ വച്ചായിരുന്നു റിങ്കുവിന്‍റെ വെളിപ്പെടുത്തൽ. സൊണാലിയുടെ കുടുംബത്തിന്‍റെ ആരോപണങ്ങളെ തുടർന്ന് കുൽദീപ് ബിഷ്‌ണോയ് തന്‍റെ നിലപാട് അറിയിക്കണമെന്ന് സർവ് ഖാപ് മഹാപഞ്ചായത്ത് നിർദേശിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 23ന് രാവിലെ നോർത്ത് ഗോവയിലെ അഞ്‌ജുനയിലുള്ള സെന്‍റ് ആന്‍റണി ഹോസ്‌പിറ്റലില്‍ വച്ചാണ് ജനപ്രിയ ടിക് ടോക്ക് താരം കൂടിയായ സൊണാലി ഫോഗട്ട് (42) മരണപ്പെടുന്നത്. ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നും പ്രാഥമിക റിപ്പോർട്ടുകൾ വന്നിരുന്നു. ഓഗസ്റ്റ് 22ന് ഹരിയാനയിൽ നിന്ന് ഗോവയിലേക്ക് തിരിച്ച സൊണാലിക്കൊപ്പം സഹായിയും, പിഎയുമുണ്ടായിരുന്നു. കുർലീസ് റെസ്‌റ്റോറന്‍റിൽ പാർട്ടി നടത്തുന്നതിനിടെ ഇവര്‍ സൊണാലിയെ വെള്ളത്തിൽ വിഷാംശം കലർത്തി കുടിക്കാൻ നിർബന്ധിച്ചതായി അറിയിച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌ത് കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.
തുടര്‍ന്ന് അന്വേഷണം ലഹരിയെത്തിച്ചു നല്‍കിയവരിലേക്കും നീങ്ങിയിരുന്നു. എന്നാല്‍ ഈ ഫലങ്ങളിലോ തുടര്‍ന്നുണ്ടായ അന്വേഷണത്തിലോ സൊണാലിയുടെ കുടുംബം തൃപ്‌തരായിരുന്നില്ല. സൊണാലിയുടെ കുടുംബത്തിന്‍റെ ആവശ്യം പരിഗണിച്ച് കേസ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിബിഐക്ക് കൈമാറിയിരുന്നു.