കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പയിൽ പിതാവിന്‍റെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് മകൻ റോഡിൽ തള്ളി. വൈഎസ്ആർ ജില്ലയിൽ ദുവ്വുരു മണ്ഡലം സിങ്കനപള്ളിയിലാണ് അതിദാരുണമായ സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തതായി കടപ്പ ഡിഎസ്‌പി എംഡി ഷരീഫ് പറഞ്ഞു.
സംഭവം നടന്നതിങ്ങനെ: ദുവ്വുരു മണ്ഡലം സിങ്കനപള്ളിയിലെ ബൊമ്മു ചിന്നപ്പുല്ല റെഡ്ഡിയുടെ (62) മകൻ രാജശേഖർ റെഡ്ഡി സ്വകാര്യ സ്‌കൂൾ ബസ് ക്ലീനറാണ്. ചിന്നപ്പുല്ലറെഡ്ഡി വർഷങ്ങളായി ക്ഷയരോഗബാധിതനായിരുന്നു. ഫെബ്രുവരിയിൽ രാജശേഖർ റെഡ്ഡി ആരോഗ്യനില മോശമായ പിതാവിനെ കടപ്പയ്ക്കടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വീട്ടിലേക്ക് പോയിരുന്നു. ആശുപത്രി ജീവനക്കാർ പലതവണ വിളിച്ചിട്ടും രാജശേഖർ റെഡ്ഡി പ്രതികരിച്ചില്ല.
നില ഗുരുതരമാണെന്ന് അറിയിച്ചതിനെ തുടർന്ന് അതേ മാസം 23ന് രാജശേഖർ റെഡ്ഡി ആശുപത്രിയിലെത്തി. ഇനി ചികിത്സയൊന്നും ബാക്കിയില്ല എന്ന് ആശുപത്രി അധികൃതർ മകനെ അറിയിക്കുകയായിരുന്നു. മെഡിക്കൽ സ്റ്റാഫ് ചിന്നപ്പുല്ലറെഡിയെ ഡിസ്‌ചാർജ് ചെയ്യുകയും യാത്രാമധ്യേ ആശുപത്രിക്ക് സമീപം മരിക്കുകയുമായിരുന്നു. അച്ഛന്‍റെ ശരീരത്തിൽ ആശുപത്രിയുടെ പുതപ്പ് ചുറ്റിയ രാജശേഖർ റെഡ്ഡി പിതാവ് മരിച്ചതോടെ മൃതദേഹം ഓട്ടോയിൽ കയറ്റുകയും ഗുവ്വാല ചെരുവ് ഘട്ട് റോഡിൽ കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. ശേഷം രാജശേഖർ റെഡ്ഡി വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞ മാസം 29ന് പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഴുകിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു. പുതപ്പിലെ ആശുപത്രിയുടെ ലോഗോ പരിശോധിച്ച പൊലീസ് ആശുപത്രിയിലെത്തി കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.
ശവസംസ്‌കാരത്തിന് പണമില്ലാത്തതിനാലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പ്രതി രാജശേഖർ റെഡ്ഡി പൊലീസിന് നൽകിയ മൊഴി. പിതാവിന്‍റെ മൃതദേഹം അലക്ഷ്യമായി ഉപേക്ഷിച്ച രാജശേഖർ റെഡ്ഡിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തതായി ഡിഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.