ഹൈദരാബാദ്: പിതാവിന്‍റെ അന്ത്യകര്‍മങ്ങള്‍ ചെയ്‌ത് 10 വയസുകാരി. ആത്‌മഹത്യ ചെയ്‌ത ലിംഗിഷെട്ടി നീലാചലത്തിന്‍റെ അന്ത്യകർമങ്ങൾ ചെയ്യാന്‍ 16 കാരനായ മകന്‍ വിസമ്മതിച്ചതോടെയാണ് പെണ്‍കുട്ടി ഇതിനായി തയ്യാറായത്.
തെലങ്കാനയിലെ ഭദ്രാദ്രി കോതഗുദെം ജില്ലയിലെ അശ്വരോപേട്ടയിലാണ് സംഭവം. ബാര്‍ബറായിരുന്ന ലിംഗിഷെട്ടി ഭാര്യയ്‌ക്കും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ബാര്‍ബര്‍ ഷോപ്പിനെ ആശ്രയിച്ചായിരുന്നു നാലുപേര്‍ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കട അടയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന്, കുടുംബം കഴിഞ്ഞുകൂടാന്‍ അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇയാള്‍ പണം വായ്‌പ എടുത്തു. തുടര്‍ന്ന്, കടം വര്‍ധിക്കുകയും ലക്ഷക്കണക്കിന് രൂപയിലെത്തുകയും ചെയ്തു.
മകനോട് തൊഴില്‍ നോക്കാന്‍ പിതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 16 കാരന്‍ ഇക്കാര്യം ചെവിക്കൊണ്ടില്ല. തുടര്‍ന്ന്, ഇയാള്‍ പൊലീസിനെ അറിയിക്കുകയും മകന് കൗൺസിലിങ് നൽകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.
എന്നാല്‍, ഇക്കാര്യം മകന്‍ അനുസരിക്കാതിരിക്കുകയും നീലാചലം മാനസിക സമ്മര്‍ദത്തിലാവുകയും ചെയ്‌തു. ശേഷം, വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ALSO READ: കാമുകിയുടെ പിറന്നാളിന് സമ്മാനം വാങ്ങാൻ കവര്‍ച്ച; പ്രതി പിടിയില്‍